ഡൽഹി കലാപത്തില്‍ ബുള്ളറ്റിലെത്തി 80 മുസ്ലിംകളെ രക്ഷിച്ച അച്ഛനും മകനും; മതം ഭ്രാന്തു പിടിപ്പിക്കാത്ത മനുഷ്യര്‍ ഇനിയും ഇന്ത്യയിലുണ്ട്

single-img
29 February 2020

ഡൽഹി: 1984ലെ സിഖ് കലാപമാണ് ഡൽഹിയിലെ ആക്രമണങ്ങള്‍ അവരെ ഓര്‍മ്മപ്പെടുത്തിയത്.മതഭ്രാന്തിൽ രാജ്യതലസ്ഥാനം നിന്നു കത്തിയത് കണ്ടപ്പോൾ ആ അച്ഛനും മകനും വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചിരിക്കാം. ഹിന്ദു-മുസ്ലിം സംഘര്‍ഷത്തില്‍ ഇന്ത്യ വിറങ്ങലിച്ചപ്പോള്‍ വര്‍ഗീയതയുടെ വിഷം തീണ്ടാത്ത സമഭാവനയുടെ ആശ്വാസം പകരുന്ന സന്ദേശമായിരുന്നു സിഖ് മതവിശ്വാസികളായ അച്ഛനും മകനും. രണ്ട് വാഹനങ്ങളിലായി എണ്‍പതോളം മുസ്ലിംകളെയാണ് ആക്രമണങ്ങളില്‍ നിന്ന് മൊഹീന്ദര്‍ സിങും മകന്‍ ഇന്ദര്‍ജിത് സിങും ചേർന്ന് രക്ഷിച്ചത്.

Support Evartha to Save Independent journalism

കലാപത്തിന്റെ ആരംഭദിശയിൽ തന്നെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ വടക്കു കിഴക്കന്‍ ഡൽഹിയിലെ ഗോകുല്‍പുരിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കര്‍ദംപൂരിലേക്ക് മുസ്ലിം കുടുംബങ്ങളെ ബുള്ളറ്റിലും സ്കൂട്ടറിലും നിരവധി തവണകളായി മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു അച്ഛനും മകനും. ഇന്ദര്‍ജിത് സിങ് ബുള്ളറ്റിലും പിതാവ് 55കാരനായ മൊഹീന്ദര്‍ സിങ് സ്കൂട്ടറിലുമായി 20 തവണയോളം ഗോകുല്‍പുരിയില്‍ നിന്ന് കര്‍ദംപൂരിലേക്കും തിരിച്ചും പാഞ്ഞു. ഒരു മണിക്കൂറിനിടെയായിരുന്നു മതം മറന്ന് മനുഷ്യരായുള്ള ഈ യാത്ര.

‘ഹിന്ദുവിനെയോ മുസ്ലിമിനെയോ ഞാന്‍ കണ്ടില്ല’ മനുഷ്യരെ മാത്രമാണ് കണ്ടതെന്ന മൊഹീന്ദറിന്‍റെ വാക്കുകളില്‍ ജ്വലിക്കുന്നത് കെട്ടുപോകാത്ത മതേതരത്വത്തിന്‍റെ അഗ്നിയാണ്, അതൊരു പ്രതീക്ഷയും കൂടിയാണ്.മൂന്നു മുതല്‍ നാലുവരെ സ്ത്രീകളെയും കുട്ടികളെയും ഒറ്റ തവണ രക്ഷപ്പെടുത്തി. രണ്ടു മുതല്‍ മൂന്ന് വരെ പുരുഷന്‍മാരെയും ഒരു പ്രാവശ്യം ഗോകുല്‍പുരിയില്‍ നിന്നുള്ള യാത്രയില്‍ കൂടെക്കൂട്ടിയെന്ന് മൊഹീന്ദര്‍ സിങ് പറയുന്നു. ചില മുസ്ലിം യുവാക്കളെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്താനായി സിഖ് തലപ്പാവുകള്‍ അണിയിച്ചാണ് കൂടെ കൂട്ടിയതെന്ന് ഇന്ദര്‍ജിത് സിങ് പറഞ്ഞു.

ഡൽഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം അവശേഷിപ്പിച്ച മുറിപ്പാടുകളില്‍ നിന്ന് രാജ്യം മുക്തമായിട്ടില്ല. മൂന്ന് ദിവസത്തിനിടെ കലാപത്തിന്‍റെ പൈശാചിക മുഖമാണ് ഡൽഹിയില്‍ കണ്ടത്. വര്‍ഗീയ കലാപത്തില്‍ വെടിയേറ്റും വെന്തും പൊലിഞ്ഞത് എത്ര പേരെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. അത്തരമെരവസ്ഥയിൽ മതമല്ല മനുഷ്യനാണെന്ന് പറയുന്ന ഇവരെപ്പോലുള്ളവർ തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ.