ഡൽഹി മെട്രോയിൽ ‘രാജ്യദ്രോഹികളെ വെടി വയ്ക്കാൻ ആക്രോശിച്ച്’ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ

single-img
29 February 2020

ഡൽഹി: സാധാരണ ​ഗതിയിലേക്ക് വരുന്ന ഡൽഹിയെ വീണ്ടും അശാന്തിയിലേക്ക് തള്ളിയിടാൽ ഗോലി മരോ മുദ്രാവാക്യങ്ങളുയർത്തി ഒരു കൂട്ടം ആളുകൾ. ഡൽഹിയിലെ ഏറ്റവും തിരക്കേറിയ മെട്രോ സ്റ്റേഷനിലാണ് ഒരു സംഘം ആളുകൾ രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലാൻ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യം ഉയർത്തി കലാപഭീതിയുയർത്തിയത്. ഡൽഹിയുടെ ഹൃദയഭാ​ഗത്തെ കൊണാട്ട് പ്ലേസിലെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലാണ് സംഭവം. വെളുത്ത ടി-ഷർട്ടുകളും ഓറഞ്ച് ഹെഡ് ഗിയറും ധരിച്ച ഒരു സംഘം ആളുകളാണ് “ദേശ് കെ ഗദ്ദാരോൺ കോ, ഗോലി മരോ സാ *** എൻ കോ”(“രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലുക”) എന്ന ആക്രോശവുമായി പരിഭ്രാന്തി പരത്തിയത്.

ദിവസം ഒരു ലക്ഷത്തിലധികം ആളുകൾ വന്നു പോകുന്ന രാജ്യത്തെ തന്നെ തിരക്കുള്ള മെട്രോ സ്റ്റേഷനുകളിലൊന്നാണ് രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ. രാവിലെ 10:52 ഓടെയാണ് സംഭവം നടന്നതെന്ന് ഡൽഹി മെട്രോ അധികൃതർ അറിയിച്ചു. മെട്രോ സ്റ്റേഷനിൽ ട്രെയിൻ നിർത്താൻ പോകുമ്പോഴാണ് 6 പേരടങ്ങുന്ന സംഘം മുദ്രാവാക്യം വിളിച്ചതെന്ന് സംഭവസ്ഥലത്തെ വാർത്താ ഏജൻസിയായ പി.ടി.ഐയുടെ റിപ്പോർട്ടർ പറഞ്ഞു.മെട്രോ സ്റ്റാഫും സുരക്ഷാ ഉദ്യോഗസ്ഥരും തുടർനടപടികൾക്കായി ഇവരെ ഡൽഹി മെട്രോ റെയിൽ പോലീസിന് കൈമാറി.

ട്രെയിനിൽ നിന്നിറങ്ങിയ ശേഷം, “രാജ്യദ്രോഹികളെ വെടിവയ്ക്കുക” തുടങ്ങിയ പൗരത്വ അനുകൂല നിയമ മുദ്രാവാക്യങ്ങളാണ് ഇവർ മുഴക്കിയത്.
പൗരത്വ (ഭേദഗതി) നിയമത്തിലെ പ്രതിഷേധത്തിനെതിരായി ഡൽഹിയുടെ വടക്കുകിഴക്കൻ ഭാഗത്ത് നടന്ന അക്രമത്തെത്തുടർന്ന് 42 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.സ്ഥിതി ​ഗതികൾ ശാന്തമാകുന്ന സമയത്താണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വീണ്ടും ഉയർന്നു കേൾക്കുന്നത്.

നേരത്തെ ഡൽഹി കലാപത്തിന്റെ ആരംഭവും ബിജെപി നേതാക്കളുടെ ഇത്തരം ഗോലി മരോ മുദ്രാവാക്യ-പ്രസ്താവനകളായിരുന്നു എന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി ബിജെപി നേതാക്കൾ ചിത്രീകരിച്ചു. കഴിഞ്ഞ മാസം ഡൽഹി തെരഞ്ഞെടുപ്പിനുള്ള പ്രചാരണ വേളയിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി നടത്തിയ റാലിയിൽ “ദേശ് കെ ഗദ്ദാരോൺ കോ, ഗോളി മരോ സാ *** കോ (രാജ്യദ്രോഹികളെ വെടിവച്ചു കൊല്ലുക)” എന്ന മുദ്രാവാക്യം ഉയർത്തിയിരുന്നു. ഡൽഹിയിൽ പൗരത്വ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ തോക്കുധാരികൾ വെടിയുതിർക്കുന്നതിന് തൊട്ടുമുമ്പും ഇത്തരം മുദ്രാവാക്യം ഉയർന്നിരുന്നു.