പൗരത്വം തരാമെടാ പാകിസ്താനി, നീ ഇറങ്ങി വാ: മുസ്ലീമായതിൻ്റെ പേരിൽ രാജ്യം കാക്കുന്ന ജവാൻ്റെ വീടും ചുട്ടെരിച്ച് അക്രമികൾ

single-img
29 February 2020

മതത്തിൻ്റെ പേരിലുള്ള കലപാമായിരുന്നു ഡൽഹിയിൽ നടന്നുവെന്നുള്ളതിന് വീണ്ടും തെളിവുകൾ പുറത്ത്. ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ അക്രമികള്‍ ചുട്ടെരിച്ചതില്‍ രാജ്യം കാക്കുന്ന ജവാന്റെ വീടുമുൾപ്പെടുന്നു. ഖജൂരി ഖാസിലുള്ള ബി.എസ്.എഫ് ജവാന്‍ മുഹമ്മദ് അനീസിന്റെ വീടാണ് കലാപകാരികള്‍ തീയിട്ടത്. ഫെബ്രുവരി 25നായിരുന്നു മുഹമ്മദ് അനീസിന്റെ വീടിന് നേരെ ആക്രമണം നടന്നത്. 

മുസ്ലീം വീടുകള്‍ തിരഞ്ഞുപിടിച്ച് അക്രമികള്‍ ആക്രമിക്കുകയായിരുന്നു. വീടിന് പുറത്ത് ജവാന്‍ ആണെന്ന് തിരിച്ചറിയുന്നതിനുള്ള നെയിംപ്ലേറ്റ് വച്ചതിനാല്‍ ആക്രമിക്കില്ലെന്നാണ് പ്രതീക്ഷിച്ചതെന്ന് അനീസ് പറയുന്നു. എന്നാല്‍ വീടടക്കം അക്രമികള്‍ കത്തിച്ചുവെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ആദ്യം അവർ നശിപ്പിച്ചത് കാറാണ്. വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ അക്രമികള്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തീവച്ച് നശിപ്പിക്കുകയായിരുന്നു. പിന്നീട് വീടിന് നേരെ കല്ലെറിഞ്ഞ അക്രമികൾ  ഇവിടെ വാടാ പാകിസ്താനി, ഞങ്ങള്‍ നിനക്ക് പൗരത്വം തരാം എന്ന് ആക്രോശിക്കുകയും ചെയ്തു. തുടർന്ന് കലാപകാരികള്‍ വീടിനകത്തേക്ക് ഗ്യാസ് സിലിണ്ടര്‍ വലിച്ചെറിഞ്ഞു.

ആക്രമണ സമയത്ത് മുഹമ്മദ് അനീസ്, പിതാവ് മുഹമ്മദ് മുനിസ്, അമ്മാവന്‍ മുഹമ്മദ് അഹമ്മദ്, സഹോദരി പര്‍വീണ്‍ എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. അക്രമികള്‍ എത്തിയതോടെ ഇവര്‍ ഓടിരക്ഷപെട്ടു. പാരാമിലിട്ടറി സംഘവും സഹായത്തിനെത്തിയെങ്കിലും വീട് നിന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ കെട്ടിടത്തിന്റെ കരിഞ്ഞ അവശിഷ്ടം മാത്രമേയുള്ളൂവെന്ന് മുഹമ്മദ് അനീസ് പറഞ്ഞു.