സാമ്പാർ, ഉപ്പേരി, അച്ചാർ, പപ്പടം, മോരുൾപ്പെടെ 20 രൂപയ്ക്ക് ഊണ്; കൂടെ കുടിക്കാൻ കഞ്ഞിവെള്ളവും: ഇത് കുന്നംകുളം നഗരസഭയുടെ വിശപ്പുരഹിത കാൻ്റീൻ

single-img
29 February 2020

കുന്നംകുളം ന​ഗരസഭയുടെ വിശപ്പുരഹിത കാൻ്റീൻ പ്രവർത്തനം ആരംഭിച്ച വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ചോറ്, സാമ്പാർ, ഉപ്പേരി, അച്ചാർ, പപ്പടം, മോര് അല്ലെങ്കിൽ രസം എന്നിവയുൾപ്പെടെ  20 രൂപയ്ക്ക് സുഭിക്ഷമായി ഊൺ കഴിക്കാമെന്നതാണ് കാന്റീനിന്റെ പ്രത്യേകത. എല്ലാം തനി നാടൻ രുചിയിൽ. ഊണിനൊപ്പം ഹെൽത്തി ടിപ്‌സായി കഞ്ഞിവെള്ളവും ആവശ്യക്കാർക്ക് ലഭിക്കും.

ആധുനിക രീതിയിലുള്ള അടുക്കള ഉപകരണങ്ങൾ ഉപയോഗിച്ചുള്ളതും തികച്ചും സ്ത്രീ സൗഹൃദവുമാണ് ഈ കാൻ്റീനെന്ന പ്രത്യേകതയുമുണ്ട്. ഉച്ചയ്ക്ക് 12.30 മുതൽ ആരംഭിക്കുന്ന ഉച്ചയൂണ് നേരത്തെ തന്നെ തയ്യാറാകും. എന്നാൽ രണ്ട് മണിക്ക് ശേഷം ചെന്നാലും ചൂടോടെ ഭക്ഷണം കഴിക്കാം. സ്റ്റീമർ ഉപയോഗിച്ച് എല്ലാ വിഭവങ്ങളും പാചകം ചെയ്യുന്നതിനാലാണ് എപ്പോഴും ഭക്ഷണത്തിൽ ചൂട് നിലനിൽക്കുന്നതെന്ന് അധികൃതർ പറയുന്നു. 

100 ലേറെ പേർക്ക് ഒരേ സമയം ഉച്ചയൂണ് കഴിക്കാനുള്ള സൗകര്യമാണ് കാന്റീനിലുള്ളത്. കാന്റീനിൽ ബെയ്ൻ മാരി ട്രോളിയിൽ ഉച്ചയൂണും അനുബന്ധ പദാർത്ഥങ്ങളും നിരയായി വെയ്ക്കാനും ആവശ്യത്തിന് എടുത്തുപയോഗിക്കാനും സംവിധാനങ്ങളുണ്ട്. ട്രോളിയിലാണ് ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നത്.

ഹൂഡ് എന്ന പുകരഹിത അടുപ്പുകളാണ് അടുക്കളയിലുള്ളത്. അടുക്കളയുടെ പുറത്ത് പ്രത്യേക സ്ഥലത്താണ് ഗ്യാസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഒരു ഗ്യാസ് കണക്ഷനിൽ നിന്ന് ഒരേസമയം ഒട്ടേറെ കണക്ഷനുകൾ പ്രവർത്തിക്കും. ഇതോടൊപ്പം സാധാരണ രീതിയിൽ പ്രവർത്തിക്കുന്ന അടുക്കളയുമുണ്ട്.

ഗ്രൈൻഡർ അടക്കമുള്ളവ ഫുഡ് സേഫ്റ്റി 304 ഗ്രാൻഡ് ക്വാളിറ്റിയിലുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി. നിലവാരമുള്ള സ്റ്റീൽ ഉപയോഗിച്ചു നിർമിച്ചവയാണ് ഇവിടുത്തെ പാത്രങ്ങൾ. പച്ചക്കറികൾ അരിഞ്ഞെടുക്കാനുള്ള പുതിയ സംവിധാനങ്ങളുമുണ്ട്. കുറഞ്ഞ എണ്ണയിൽ മീൻ വറുക്കുന്നതിനുള്ള ഷാലോ ഫാറ്റ് ഫിഷർ ഉപകരണമാണ് മറ്റൊരു സവിശേഷത. യന്ത്ര സഹായത്തോടെ മുറിച്ച മീൻ മുളകു ചേർത്ത് സൂക്ഷിക്കുന്ന പുത്തൻ സൗകര്യവും ഇവിടെയുണ്ട്. 

വിദഗ്ദരായ പത്തോളം കുടുംബശ്രീ പ്രവർത്തകരാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. നിലവിൽ നിശ്ചിത സമയം വരെ മാത്രമാണ് 20 രൂപയ്ക്ക് ഊണു ലഭിക്കുക. എന്നാൽ സ്പെഷ്യൽ വിഭവങ്ങൾ വാങ്ങുന്നവർ അതിനുള്ള തുക പ്രത്യേകം നൽകണം. 

ഇതിനൊപ്പം ഭക്ഷണം കഴിക്കാൻ നിർവാഹമില്ലാത്തവർക്കും രോഗികൾക്കുമായി പത്ത് സൗജന്യ ഭക്ഷണമാണ് നഗരസഭ ദിവസവും നൽകുക. നഗരസഭയിലെ ഒരു ചാക്ക് പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് നൽകുന്നവർക്കും സൗജന്യ ഭക്ഷണം നൽകും. നഗരസഭ സെക്രട്ടറി മുഖേന കർഷകർക്ക് പച്ചക്കറികൾ നൽകാനുള്ള സംവിധാനവും നഗരസഭ ഒരുക്കിയിട്ടുണ്ട്.