അഗതിമന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ 3 മരണങ്ങൾ, മൂന്ന് പേരും മരിച്ചത് ഒരേ രീതിയിൽ; കാരണം തേടി ആരോഗ്യമന്ത്രി

single-img
29 February 2020

കോട്ടയം: ചങ്ങനാശേരിയിലെ അഗതിമന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് അഗതിമന്ദിരത്തിലാണ് മരണങ്ങള്‍ ഉണ്ടായത്.ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളജിൽവച്ചാണ് മൂന്നാമത്തെയാള്‍ മരിച്ചത്. കഴിഞ്ഞയാഴ്ച രണ്ടു പേർ മരിച്ചിരുന്നു.

തുടര്‍ മരണങ്ങള്‍ ഒരേ രീതിയിലുള്ളതായിരുന്നുവെന്നും ഇത് പകര്‍ച്ചവ്യാധികൊണ്ടല്ലെന്ന് വ്യക്തമായതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കോട്ടയം ഡി.എം.ഒ. ഡോ.ജേക്കബ് വര്‍ഗീസ് പറഞ്ഞു

.അതേസമയം ചങ്ങനാശേരിയിലെ അഗതിമന്ദിരത്തിലെ തുടര്‍ മരണങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഇതിനായി മെഡിക്കല്‍ കോളജ് മേധാവികള്‍ ഉള്‍പ്പെടുന്ന സമിതിയെ നിയോഗിച്ചെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.പ്രാഥമിക പരിശോധനയില്‍ തന്നെ കൊറോണ വൈറസ് അല്ലെന്ന് തെളിഞ്ഞിരുന്നു. മറ്റെന്ത് കാരണം കൊണ്ടാണ് തുടര്‍ച്ചയായ മരണം ഉണ്ടായതെന്ന് കണ്ടെത്തുവാന്‍ വേണ്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മന്ത്രി വ്യക്തമാക്കി.

മൂന്ന് ദിവസം മുന്‍പാണ് ചങ്ങനാശേരിയിലെ തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഒൻപത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവല്ല മെഡിക്കല്‍ മിഷന്‍, തിരുവല്ല പുഷ്പഗിരി ആശുപത്രി, തിരുവല്ലയിലെ തന്നെ മറ്റൊരു ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവരിൽ രണ്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളിലും ഒരാള്‍ ഇന്ന് രാവിലെയും മരിച്ചു.അവശനിലയിലായ മറ്റ് ആറ് അന്തേവാസികള്‍ ചികില്‍സയിലാണ്.