ഒന്നെത്തിപിടിക്കാവുന്ന ദൂരത്തു ഞങ്ങൾ പലതവണ വന്നില്ലേ, എന്തേ മോളേ നീ ഒന്ന് പിടഞ്ഞില്ല?: മരണപ്പെട്ട ദേവനന്ദയോട് മാപ്പു ചോദിച്ച് കണ്ണനല്ലൂർ പൊലീസിൻ്റെ ഹൃദയത്തിൽത്തൊടുന്ന കുറിപ്പ്

single-img
29 February 2020

നദിയുടെ ആഴങ്ങളിലേക്ക് വീണു ജീവിതത്തിൽ നിന്നും മറഞ്ഞ ദേവനന്ദയുടഴെ വിയോഗം സംസ്ഥാനത്തെ ജനഹൃദയങ്ങളിൽ ഏൽപ്പിച്ച ആഘാതം ചെറുതല്ല. ദേവനന്ദയെ കാണാതായതുമുതൽ കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസും നാട്ടുകാരും, അശ്രാന്ത പരിശ്രമത്തിലായിരുന്നു. എന്നാൽ എല്ലാവരേയും നിരാശരാക്കി പിറ്റേദിവസം കുട്ടിയുടെ മൃതശരീരം ലഭിക്കുകയായിരുന്നു. 

കുട്ടിയുടെ മരണം സ്ഥീരീകരിച്ചതിനു പിന്നാലെ കണ്ണനല്ലൂർ പൊലീസിൻ്റേതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഞങ്ങൾക്കതിനു കഴിഞ്ഞില്ലല്ലോ എന്നു പറഞ്ഞ് ദേവനന്ദയോട് മാപ്പു ചോദിക്കുകയാണ് കുറിപ്പിലൂടെ. 

കുറിപ്പിൻ്റെ പൂർണ്ണരൂപം: 

മകളേ…. മാപ്പ്‌. പള്ളിമൺ ആറിൻ്റെ ആഴങ്ങളിലേക്ക് പോയ നിന്നെ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലല്ലോ. വീടുകളും കിണറുകളും പറമ്പുകളും ആറും അരിച്ചുപെറുക്കുമ്പോൾ ഒരു കൈപ്പാടകലെ നീ ഉണ്ടായിരുന്നല്ലോ. ഒന്നെത്തിപിടിക്കാവുന്ന ദൂരത്തു ഞങ്ങൾ പലതവണ വന്നില്ലേ. എന്തേ മകളേ നീ ഒന്ന് പിടഞ്ഞില്ല. അതോ നീ ഞങ്ങളെ വിളിച്ചുവോ ഒരിലയനക്കം പോലും ശ്രദ്ധിച്ചിരുന്ന ഞങ്ങൾ എന്തെ അത് കേട്ടില്ല. അറിഞ്ഞയുടൻ ഞങ്ങൾ ഒരു നിമിഷം പോലും പാഴാക്കാതെ എത്തിയില്ലേ. എന്തെ നിന്നെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. ആറിൻ്റെ ആഴങ്ങളിൽ മുങ്ങിത്തപ്പുമ്പോഴും മകളേ നീ ഞങ്ങളുടെ അരികത്തു തന്നെ ഉണ്ടായിരുന്നുവല്ലോ. കിംവദന്തികൾ പരക്കുമ്പോഴും ഞങ്ങളുടെ ശ്രദ്ധ മാറിയില്ലല്ലോ. നിന്നെ ഉപേക്ഷിച്ചു പോകാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ലല്ലോ. പിന്നെ എവിടെയാണ് തെറ്റിയത്. ഒരു നിമിഷം കൊണ്ട് നീ ഞങ്ങളുടെ ഉള്ളിൽ കയറിപറ്റിയല്ലോ. എങ്ങനെ കരയാതിരിക്കും രാത്രി മുഴുവൻ ഉറക്കം കളഞ്ഞിരുന്നത് രാവിലെ നിന്റെ ചേതനയറ്റ ശരീരം കാണുവാനായിരുന്നുവോ. അടക്കാനാവുന്നില്ല തേങ്ങൽ. കരയാനാവില്ലല്ലോ ഞങ്ങൾക്ക് കാക്കിയണിഞ്ഞു പോയില്ലേ. ഞങ്ങൾ ആവതു ശ്രമിച്ചില്ലേ. മറക്കാനാവില്ല മകളേ മരിക്കുവോളം. ചേതനയറ്റ നിന്റെ ശരീരം പരിശോധിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞുവോ കൈകൾ വിറച്ചിരുന്നോ. ഒടുവിൽ താങ്ങിയെടുത്തു പോകുമ്പോൾ കാലിടറിയോ. അറിയില്ല. മാപ്പാക്കുക മകളേ അരികിലുണ്ടായിട്ടും അണച്ചു പിടിക്കാൻ കഴിഞ്ഞില്ലല്ലോ. ഒരു സ്നേഹചുംബനം പോലും നൽകാൻ കഴിഞ്ഞില്ലല്ലോ. ഒന്നിനുമാവില്ലല്ലോ ഞങ്ങൾക്ക്. ജീവനും സ്വത്തിനും സംരക്ഷണം സംരക്ഷണം നൽക്കേണ്ടവരല്ലേ അതിന് കഴിഞ്ഞില്ലല്ലോ മകളേ. പൊറുക്കുക. നീ ഞങ്ങളുടെ പൊന്നുമോളല്ലേ….