ദേവനന്ദയുടെ ശരീരത്തിൽ ക്ഷതങ്ങളോ അടയാളമോ ഇല്ലെങ്കിലും പൊലീസ് സംശയത്തിലാണ്: ഉത്തരം വേണ്ടത് ഈ ചോദ്യങ്ങൾക്കും

single-img
29 February 2020

പുഴയിൽ വീണ് മരിച്ച നിലയിൽ കാണപ്പെട്ട ദേവനന്ദയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തു വന്നെങ്കിലും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ അവശേഷിക്കുകയാണ്. ദേവനന്ദയുടെ ശരീരത്തിൽ ക്ഷതങ്ങളോ അടയാളമോ ഇല്ലെങ്കിലും മരണത്തിൽ പൊലീസിനു ചില സംശയങ്ങൾ ബാക്കിനിൽക്കുന്നുണ്ടെന്നാണ് സൂചനകൾ. 

അതിൽ ആദ്യത്തെ ചോദ്യം ദേവനന്ദ എങ്ങനെ അവിടെയെത്തി എന്നുള്ളതു തന്നെയാണ്.  അടുപ്പമുള്ളവർ വിളിച്ചാൽപോലും വീട്ടിൽ നിന്നു പുറത്തു പോകാത്തയാളാണ് ദേവനന്ദയെന്ന് വീട്ടുകാർ പറയുന്നു. ആ കുട്ടി വിജനമായ വഴിയിലൂടെ ആരും കാണാതെ 400 മീറ്റർ അകലെ എങ്ങനെയെത്തിയെന്നുള്ള ചോദ്യമാണ് പൊലീസിനെ കുഴക്കുന്നതും. 

മുറ്റത്തു വസ്ത്രം കഴുകുകയായിരുന്ന ധന്യയുടെ അടുത്തെത്തിയ ദേവനന്ദയോടു വീടിനുള്ളിലേക്കു പോകാൻ പറഞ്ഞെങ്കിലും അകത്തു കയറിയോ എന്ന സംശയവും പൊലീസ് ഉയർത്തുന്നുണ്ട്. മാത്രമല്ല, രാവിലെ പത്തോടെ താൻ ദേവനന്ദയുമായി സംസാരിച്ചിരുന്നുവെന്ന് അയൽവാസിയായ യുവതി വെളിപ്പെടുത്തിയിരുന്നു. വീടിനുള്ളിലായിരുന്ന ദേവനന്ദ ജനാലയിലൂടെയാണു സംസാരിച്ചത്. 15 മിനിറ്റ് കഴി‍ഞ്ഞപ്പോൾ എങ്ങനെ അപ്രത്യക്ഷയായി എന്നുള്ളതും പൊലീസിൻ്റെ അന്വേഷണത്തിലുണ്ട്. 

ദേവനന്ദപുഴയിൽ കാൽ വഴുതിവീണതാണോയെന്ന സംശയവും പൊലീസ് ഉയർത്തുന്നുണ്ട്. മൃതദേഹം കണ്ട സ്ഥലത്തിനു സമീപത്തെ നടപ്പാലം പണിതിരിക്കുന്നത് പുഴയ്ക്കു കുറുകെയിട്ട രണ്ടു തെങ്ങിൻതടികൾക്കു മുകളിൽ പ്ലാസ്റ്റിക് ചാക്കിൽ നിറച്ച് അടുക്കിയാണ്. ഇതിലൂടെ നടക്കുമ്പോൾ കാൽ വഴുതി പുഴയിൽ വീണതാണോയെന്നുള്ളതും പൊലീസ് പരിശോധനയിലുണ്ട്. 

ഇതിനെല്ലാം ഉപരി പ്രധാന ചോദ്യം കാണാതായ ദിവസംതന്നെ നടപ്പാലത്തിനു സമീപം മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തിയിട്ടും എന്തുകൊണ്ടു കണ്ടെത്താനായില്ല എന്നുള്ളതാണ്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളായിരിക്കും ദേവനന്ദയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കുന്നതും.