ഡൽഹിയിലേത് അക്രമികൾ തോക്കുപയോഗിച്ച രാജ്യത്തെ ആദ്യത്തെ കലാപം: തോക്കുകൾ വന്നവഴിയിങ്ങനെ

single-img
29 February 2020

ഇതിനകം നാല്പതിലേറെപ്പേർ കൊല്ലപ്പെട്ട വടക്കുകിഴക്കൻ ഡൽഹിയിലെ കലാപം ഈ അടുത്തകാലത്ത് കണ്ടിട്ടുള്ളതിൽ വച്ച് ഭീകരതയേറിയതായിരുന്നു. അക്രമികൾ വ്യാപകമായി തോക്ക് ഉപയോഗിച്ച ആദ്യത്തെ കലാപമെന്നുള്ളതായിരുന്നു അതിനു കാരണം. വാളും വടിയും കുന്തം തുടങ്ങിയ ആയുധങ്ങളിൽ നിന്നും വ്യത്യസ്തമായി ട്രിഗർ വലിച്ചാൽ ജീവനെടുക്കുന്ന തോക്ക് ജനങ്ങളേയും ഭരണകർത്താക്കളേയും ഒരുപോലെ ഭീതിയിലാഴ്ത്തുകയാണ്. 

കലാപം നടന്നത് ഉത്തർപ്രദേശ് അതിർത്തിയോടുചേർന്നുള്ള സ്ഥലങ്ങളിലാണ്. ഇവിടേക്ക് ഇത്രയും തോക്ക് എവിടെനിന്ന്‌ എത്തിയെന്നാണ് പോലീസ് ഇപ്പോൾ അന്വോഷിക്കുന്നത്. അയൽസംസ്ഥാനങ്ങളിൽനിന്നുള്ള അനധികൃത തോക്കുകടത്ത് അക്രമികൾക്ക്‌ സഹായമായെന്നാണ് പൊലീസ് കരുതുന്നത്. 

കലാപം നടന്നസ്ഥലങ്ങൾ തോക്കുകൾ വ്യാപകമായി വാങ്ങിക്കൂട്ടുന്ന ഗുണ്ടാസംഘങ്ങളുള്ള അതിർത്തി ജില്ലകളിലാണെന്നുള്ളതാണ് ശ്രദ്ധേയം. ചികിത്സയിലുള്ള ഇരുനൂറിലേറെ പേരിൽ 40 ശതമാനത്തിനും വെടിയേറ്റിട്ടുണ്ടെന്ന് ജിടിബി ആശുപത്രിയധികൃതർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കഴിഞ്ഞദിവസം ചാന്ദ്ബാഗിലെ അഴുക്കുചാലിൽ കണ്ടെടുത്ത ഐബി ഓഫീസറുടെ മൃതദേഹത്തിലും വെടിയേറ്റ പാടുണ്ടായിരുന്നു.

സംഘർഷസ്ഥലങ്ങളിൽനിന്ന്‌ അഞ്ഞൂറോളം വെടിയുണ്ടകൾ പോലീസ് കണ്ടെടുത്തു. അവയിൽ .32 എം.എം, .9 എം.എം, .315 എം.എം. വ്യാസമുള്ള തിരകളാണ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.സംഘർഷം തുടങ്ങിയ ആദ്യദിനംതന്നെ ജാഫറാബാദിൽ യുവാവ് തോക്കുചൂണ്ടിനിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഗുണ്ടാസംഘങ്ങൾ ശേഖരിച്ചുവെച്ച തോക്കും തിരകളുമാണ് കലാപത്തിനിറങ്ങിയ ഇരുവിഭാഗത്തിനും കിട്ടിയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. 

‘ദേശി കട്ട’ എന്നുപേരുള്ള നാടൻ തോക്കുകൾ എത്തുന്നത് ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽനിന്നാണ്. പടിഞ്ഞാറൻ യു.പിയിലെ മീററ്റ്, ഷാംലി, മുസാഫർനഗർ, സഹാരൻപുർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നൊക്കെ 3000-5000 രൂപ നിരക്കിൽ തോക്കുകിട്ടും. ഓട്ടോമാറ്റിക് പിസ്റ്റൾ 15,000-20,000 രൂപ നിരക്കിലും ലഭിക്കുമ്പോൾ ചിലയിടത്ത് 1500 രൂപയ്ക്കും ലഭിക്കും. 

അയൽസംസ്ഥാനത്തുനിന്ന് മൂവായിരം രൂപയ്ക്ക്‌ തോക്കുവാങ്ങി ഇവിടെ 10,000-35,000 രൂപയ്ക്ക്‌ വിറ്റിരുന്നതായി വടക്കുകിഴക്കൻ ഡൽഹിയിൽ അറസ്റ്റിലായ ഒരാൾ പോലീസിനോടുസമ്മതിച്ചിട്ടുണ്ട്. ഏഴായിരവും എട്ടായിരവും രൂപ കൊടുത്താൽ ബിഹാറിലെ മൂങ്ങറിൽനിന്ന് എളുപ്പത്തിൽ തോക്കുകൾ വാങ്ങാൻ കിട്ടും. സെമി-ഓട്ടോമാറ്റിക് തോക്കുകളും സുലഭമാണ്. മധ്യപ്രദേശിലെ ധർ, ഖർഗോൺ, ബദ്വാനി, ഖാണ്ട്വ എന്നിവിടങ്ങളിൽനിന്ന് ഡൽഹിയിലേക്ക്‌ വ്യാപകമായി തോക്കുകളെത്തുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. 

പരമ്പരാഗത കെെ ആയുധങ്ങളിൽ നിന്നും മാറി തോക്കു വച്ചുള്ള കലാപ ശ്രമങ്ങൾ വളരെ ഗുരുതരമായ അവസ്ഥയാണെന്നും പൊലീസ് പറയുന്നു. ആരുടെ ജീവനും എപ്പോഴും നഷ്ടപ്പെടാമെന്ന അവസ്ഥ. ഇനിയൊരു കലാപമുണ്ടായാൽ തിരിച്ചു പിടിക്കാൻ കഴിയാത്ത ഒരവസ്ഥയായിരിക്കും സംജാതമാകുകയെന്നും പൊലീസ് വ്യക്തമാക്കുന്നു.