50 രാജ്യങ്ങൾ, 84,000 രോഗബാധിതർ: ലോകത്തെ ഭയപ്പെടുത്തി കൊറോണ പടരുന്നു

single-img
29 February 2020

ചെെനയിൽ ആരംഭിച്ച കൊറോണ വെെറസിൻ്റെ വ്യാപനം ഇതര രാജ്യങ്ങളിലും പടരുന്നു. ന്യൂസിലാൻഡ്, നെതർലാൻഡ്സ്, നൈജീരിയ, ബലറൂസ് എന്നിവിടങ്ങളിലും കൊറോണ (കോവിഡ് 19) സ്ഥിരീകരിച്ചതോടെ 50 രാജ്യങ്ങൾ വൈറസിൻ്റെ പിടിയിലായി. എൺപത്തിനാലിയരത്തോളം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ഇതിനിടെ ഇറാനിൽ കൊറോണ മരണം 34 ആയി. ഇന്നലെ മാത്രം 8 മരണം റിപ്പോർട്ടു ചെയ്തുകഴിഞ്ഞു. ചൈനയിൽ മരണം 2788 ആയി. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം ഇറാനിലാണ്. ദക്ഷിണ കൊറിയയാണ് കൊറോണ വ്യാപിക്കുന്ന മറ്റൊരിടം. ഇവിടെ 2337പേർക്ക് വൈറസ് സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയിൽ 13 പേർ മരിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു.  ഇറ്റലിയിൽ 17 പേർ മരിച്ചു. ജാപ്പനീസ് കപ്പലായ ഡയമൻഡ് പ്രിൻസിലെ ഒരു യാത്രക്കാരി കൂടി ഇന്നലെ മരിച്ചതോടെ കപ്പലിലെ കൊറോണ മരണം അഞ്ചായി.

കാലിഫോർണിയയിൽ 33 പേർക്കുൾപ്പെടെ അമേരിക്കയിൽ 60 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌യത്. ആസ്ട്രേലിയയിൽ 26 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോൾ ഗൾഫ്, യൂറോപ്യൻ മേഖലയിലും ആഫ്രിക്കയിലും രോഗബാധ പുതുതായി റിപ്പോർട്ട് ചെയ്യുന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ഇറാനിൽ നിന്നുള്ളവർ രാജ്യത്തെത്തുന്നതിന് റഷ്യ താത്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. 

ഇതിനിടെ കേരളത്തിൽ നിന്നുൾപ്പെടെ അവധി കഴിഞ്ഞ് തിരിച്ചെത്തിയ യാത്രക്കാരെ സൗദി വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. തിരുവനന്തപുരത്തു നിന്നു പോയ വിമാനത്തിലെ യാത്രക്കാരെ ദമാം വിമാനത്താവളത്തിലാണ് തടഞ്ഞുവച്ചത്. ഇഖാമ അടക്കം തൊഴിൽ രേഖകളുള്ളവരാണ് ഇവരിൽ പലരുമെങ്കിലും ഇവരെ തിരികെ നാട്ടിലേക്ക് അയയ്ക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചനകൾ. 

 രോഗബാധയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഉംറ വിസ നൽകുന്നത് താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്.യാത്രാ വിലക്ക് സൗദി അറേബ്യ യാത്രയ്ക്ക് കടുത്ത വിലക്കേർപ്പെടുത്തി. വിലക്ക് ലംഘിച്ച് രാജ്യത്തിന് പുറത്ത് പോകുന്നവരെ തിരിച്ചെത്താൻ അനുവദിക്കില്ല. മറ്റു രാജ്യക്കാർ ഇറാൻ സന്ദർശിച്ചവരാണെങ്കിൽ പതിനാല് ദിവസം കഴിയാതെ സൗദിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല. വിലക്ക് ലംഘിച്ചു ഇറാൻ സന്ദർശിക്കുന്ന സൗദി പൗരന്മാർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.