അഫ്ഗാനികള്‍ക്ക് ഇനി വെടിയൊച്ചയില്ലാത്ത നാളുകള്‍; സമാധാനകരാറില്‍ ഒപ്പുവെച്ച് താലിബാനും യുഎസും

single-img
29 February 2020

ദോഹ: 19 വര്‍ഷങ്ങള്‍ നീണ്ട യുദ്ധക്കെടുതികള്‍ക്ക് അഫ്ഗാനില്‍ അറുതിയാകുന്നതിന്റെ സൂചനകള്‍ നല്‍കി യുഎസും താലിബാനും ഇന്ന് സമാധാനകരാറില്‍ ഒപ്പുവെച്ചു. ദോഹയില്‍ നടന്ന ചര്‍ച്ചകളിലാണ് രണ്ട് വിഭാഗവും കരാറിലേര്‍പ്പെട്ടത്. അഫ്ഗാനിലെ യുഎസ് സൈന്യത്തെ സമയക്രമം തീരുമാനിച്ച് എണ്ണം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി തുടരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് രണ്ട് വിഭാഗവും കരാര്‍ ഒപ്പുവെച്ചത്. അഫ്ഗാന്‍,അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍,ഐക്യരാഷ്ട്രസഭ,ഇന്ത്യ,പാക് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.135 ദിവസത്തിനകം സൈന്യത്തിന്റെ എണ്ണം 8600 ആയി കുറയ്ക്കും.

14 മാസം കൊണ്ട് പൂര്‍ണമായും അഫ്ഗാന്‍ മണ്ണില്‍ നിന്ന് യുഎസ് സൈന്യം വിടവാങ്ങുമെന്നും യുഎസ് അറിയിച്ചു. അതേസമയം അഫ്ഗാനില്‍ അല്‍ ഖ്വയ്ദ പോലുള്ള സംഘടനകള്‍ക്ക് യാതൊരു സഹകരണവും നല്‍കരുതെന്ന് താലിബാനോട് യുഎസ് ആവശ്യപ്പെട്ടു. അഫ്ഗാനിലെ 19 വര്‍ഷം നീണ്ട സൈനികദൗത്യമാണ് അമേരിക്ക അവസാനിപ്പിക്കുന്നത്. ഒരാഴ്ച്ചയായി അഫ്ഗാന്‍ സൈന്യവും യുഎസും താലിബാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മേഖലയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.