നടിയെ അക്രമിച്ച കേസ്: കുഞ്ചാക്കോ ബോബനെതിരേ അറസ്റ്റ് വാറന്റ്

single-img
29 February 2020

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ കുഞ്ചാക്കോ ബോബനെതിരേ അറസ്റ്റ് വാറണ്ട്. കേസില്‍ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടനെതിരേ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് നല്‍കിയിരിക്കുന്നത്.

കേസ് രജിസ്റ്റര്‍ ചെയ്ത നെടുമ്പാശ്ശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കോടതി വാറന്റ് കൈമാറിയത്.വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയില്‍ എത്താന്‍ നേരത്തേ സമന്‍സ് നല്‍കിയിരുന്നു. ഇതുപ്രകാരം എത്താതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് കൊടൈക്കനാലില്‍ ആയതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കുഞ്ചാക്കോ ബോബന്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് അടുത്തമാസം 4ന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി.

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. കേസിലെ എട്ടാം പ്രതിയായ ദിലീപ് ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ ഇടപെടല്‍ നടത്തിയതായി നേരത്തെ കുഞ്ചാക്കോ ബോബന്‍ പോലിസിന് മൊഴി നല്‍കിയിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യുവില്‍ ആക്രമിക്കപ്പെട്ട നടിയേയും അഭിനയിപ്പിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ നടിയെ അഭിനയിപ്പിക്കരുത് എന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നതായാണ് കുഞ്ചാക്കോ ബോബന്‍ പോലീസിന് മൊഴി നല്‍കിയത്. നടിയോട് ദിലീപിന് ശത്രുത ഉണ്ടായിരുന്നു എന്ന പ്രോസിക്യൂഷന്‍ വാദം കോടതിക്ക് മുന്‍പില്‍ തെളിയിക്കാന്‍ കുഞ്ചാക്കോ ബോബന്റെ ഈ മൊഴി നിര്‍ണായകമാണ്.