തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന്; ഹര്‍ജി കേരളാ ഹൈക്കോടതി തന്നെ പരിഗണിക്കണം: സുപ്രീംകോടതി

single-img
28 February 2020

പൊതുമേഖലയിലുള്ള തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ മേഖലയിലെ അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരായ ഹർജി കേരള ഹൈക്കോടതി തന്നെ പരിഗണിക്കണമെന്ന് സുപ്രീംകോടതി.
കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.

വിമാനത്താവള സ്വകാര്യവത്കരണ നടപടികൾ സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും അതുകൊണ്ടുതന്നെ സുപ്രീംകോടതി ഇടപെടുന്നതാവും നല്ലതെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി തള്ളിയിരുന്നു. കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനമായതിനാൽ 131ആം അനുച്ഛേദ പ്രകാരം സുപ്രീംകോടതിയെ സമീപിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി മുൻപ് കേരളാ ഹൈക്കോടതി തള്ളിയത്.

ഹൈക്കോടതിയുടെ നടപടിയുടെ അടിസ്ഥാനത്തില്‍ ടെൻഡർ നടപടികളിലൂടെ അദാനി ഗ്രൂപ്പിന് നടത്തിപ്പ് കൈമാറാൻ ധാരണ ആകുകയും ചെയ്തു. എന്നാൽ അടിയന്തിരമായി വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ അപേക്ഷയിലാണ് കേരള ഹൈക്കോടതി തന്നെ വിഷയം പരിഗണിക്കണം എന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.

വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുളള നടപടികൾ മുന്നോട്ട് പോയതിനാൽ റിട്ട് ഹർജി നിലനിൽക്കും എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേരളാ സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ നിലനിൽക്കുന്ന രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ മേഖലയിലെ അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ വ്യക്‌തമാക്കിയിരുന്നു.