‘ആ രംഗം ട്രാൻസ് ടീം തിരുത്തുമെന്ന് തന്നെ കരുതുന്നു’ : തെറ്റായ സന്ദേശതതിനെതിരെ കൂടുതൽ പേർ രം​ഗത്ത്

single-img
28 February 2020

ട്രാൻസ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന മനോരോഗ ചികിത്സാ രീതികളെ വിമർശിച്ച് ഡോക്ടർ തോമസ് മത്തായി കയ്യാനിക്കൽ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വെെറലായതിനു പിന്നാലെ ചിത്രത്തിനെതിരെ വിമർശനവുമായി കൂടുതൽ പേർ രം​ഗത്ത്. ശാസ്ത്രീയമായി സാക്ഷ്യപ്പെടുത്തിയ ചികിത്സാ രീതികളെ കുറിച്ച് തെറ്റുധാരണ പടർത്തി ആളുകളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ആവിഷ്കാരങ്ങളോ വർത്തമാനങ്ങളോ ബഹുജന മാധ്യമങ്ങളിൽ നല്കാതിരിക്കുകയാണ് നല്ലതെന്നാണ് വിമർശനം.

മനസ്സിന് രോഗമുള്ളവർ അതിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന റിസ്‌പെരിഡോൺ എന്ന ഔഷധത്തെ കുറിച്ചും മറ്റൊരു മരുന്നിനെ കുറിച്ചും ഭീതി പടർത്തുന്ന ഡയലോഗുകൾ അൻവർ റഷീദിന്റെ ട്രാൻസ് ചിത്രത്തിലുണ്ട്. ഈ രംഗത്തെ ചികിത്സയുമായി ബന്ധപ്പെട്ട സിനിമയിലെ ഇത്തരം ചില പ്രസ്താവനകൾ മണ്ടത്തരങ്ങളാണെന്നും മാനസിക ചികിത്സ നേടിക്കൊണ്ടിരിക്കുന്ന രോഗികളിൽ ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നുമാണ് പ്രധാന വിമർശനം.

ഡോ.സി.ജെ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്

ശാസ്ത്രീയമായി സാക്ഷ്യപ്പെടുത്തിയ ചികിത്സാ രീതികളെ കുറിച്ച് തെറ്റുധാരണ പടർത്തി ആളുകളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ആവിഷ്കാരങ്ങളോ വർത്തമാനങ്ങളോ ബഹുജന മാധ്യമങ്ങളിൽ നല്കാതിരിക്കുകയെന്നത് ഒരു നൈതീകതയാണ് .ലക്ഷ കണക്കിന് മനസ്സിന് രോഗമുള്ളവർ അതിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന റിസ്‌പെരിഡോൺ എന്ന ഔഷധത്തെ കുറിച്ചും മറ്റൊരു മരുന്നിനെ കുറിച്ചും ഭീതി പടർത്തുന്ന ഡയലോഗുകൾ അൻവർ റഷീദിന്റെ ട്രാൻസെന്ന സിനിമയിലുണ്ട് .ഒരു എവിഡൻസ് ബേസ്ഡ് മെഡിസിനാണ് ഇത് .അതെ കുറിച്ച് സിനിമയിൽ വന്ന പരാമർശങ്ങൾ വാസ്തവ വിരുദ്ധം .മനസ്സിന്റെ രോഗമുള്ള നിർഭാഗ്യവാന്മാരെയും അവരെ പരിചരിക്കുന്നവരെയും ശാസ്ത്രീയ ചികിത്സകളിൽ നിന്നും അകറ്റി പാസ്റ്റർ ജോഷ്വാ കാൾട്ടണിലേക്ക് എത്തിക്കുന്ന ഈ സീനും ഡയലോഗും ഒഴിവാക്കണമെന്ന് ഈ സിനിമയുടെ പ്രവർത്തകരോടും സെൻസർ ബോർഡിനോടും അപേക്ഷിക്കുന്നു.അവർ സിനിമയിൽ പറയുന്നതിന് വിരുദ്ധമായി സംഭവിക്കാൻ നിമിത്തമാകരുതല്ലോ? .ഇവരുടെ ഉള്ളിൽ നന്മയുണ്ടെന്ന പ്രതീക്ഷയിലാണ് ഈ പോസ്റ്റ് .തിരുവനന്തപുരത്തെ റീജിയണൽ സെൻസർ ബോർഡിലേക്ക് ഈമെയിലിൽ ഒരു അപേക്ഷ നൽകിയിട്ടുണ്ട് .കേൾക്കുമോ ആവോ?കൂടുതൽ പേർ ഇമെയിൽ അയച്ചാല്‍ കൂടുതൽ നല്ലത്‌ 🙏

AnwarRasheed

(സി ജെ ജോൺ)

ഡോ. തോമസ് മത്തായി കയ്യാനിക്കലിന്റെ കുറിപ്പ്

ട്രാൻസ് കണ്ടു. ഒരു സിനിമയേയും കീറിമുറിക്കാനോ വിലയിരുത്താനോ താല്പര്യം ഇല്ല. എന്നാൽ വൻ ഇംപാക്ട് ഉള്ള ഒരു മീഡിയം ആണ് കമേർസ്യൽ സിനിമ എന്നിരിക്കേ, അങ്ങേയറ്റം അസ്വസ്ഥത അനുഭവപ്പെട്ട ചില കാര്യങ്ങൾ പറയാതിരിക്കാനും വയ്യാ.

ആന്റി സൈക്കാട്രി തീം ആയിട്ടുള്ള സിനിമകൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. 1962ൽ കെൻ കെസെ എഴുതിയ വൺ ഫ്ലു ഓവർ ദ് കുക്കൂസ് നെസ്റ്റ് ആസ്പദമാക്കി എടുത്ത സിനിമ അതിനൊരു ഉദാഹരണമാണ്. അന്ന് സൈക്യാട്രിയിൽ നിലനിന്നിരുന്ന ലൊബോട്ടമി, ഇൻസുലിൻ ഷോക്ക് തെറാപ്പി പോലെയുള്ള പ്രാകൃതവും അന്ധവുമായ ചികിത്സാ സംപ്രദായങ്ങൾക്ക് എതിരെയുള്ള രൂക്ഷവിമർശനമായിരുന്നു ആ സിനിമ.

പക്ഷേ ഇന്ന്, 2020ൽ, സൈക്കാട്രി പഴയ സൈക്കാട്രി അല്ല എന്ന് നിങ്ങൾ മനസ്സിലാക്കണം. Mental illnesses are considered organic illnesses today. എന്ന് വച്ചാൽ ശാരീരികമായ ഏതൊരു രോഗം പോലെയും, ബയോളജിക്കൽ അബ്നോർമാലിറ്റീസ് ആണ് മാനസിക രോഗങ്ങൾക്ക് കാരണമാവുന്നത് എന്നതിന് വ്യക്തമായ തെളിവുകളുണ്ട് ഇന്ന്. ആ അബ്നോർമാലിറ്റീസ് തലച്ചോറിന്റെ സ്ട്രക്ചറിലോ ബയോകെമിസ്ട്രിയിലോ ന്യൂറൽ സർക്യൂട്സിലോ, എവിടെ വേണേലും ആവാം. ഈ തെളിവുകൾ ഇപ്പോൾ എവിടെ നിന്ന് പൊട്ടി മുളച്ചു എന്ന് ചോദിച്ചാൽ, ഈ അടുത്ത കാലത്ത് മാത്രമാണ് ഇവ ലഭിക്കാൻ സഹായകമായ fMRI പോലുള്ള നൂതന neuroimaging സംവിധാനങ്ങൾ നിലവിൽ വന്നത് എന്നേ പറയാനുള്ളൂ.

പറഞ്ഞു വരുന്നത് എന്തെന്നാൽ, Depression, Schizophrenia, Bipolar disorder പോലുള്ള മാനസിക രോഗങ്ങൾ ഒരു വ്യക്തിയുടെ ചോയ്സ് അല്ല. സാമൂഹികമായ stressorsനോടുള്ള റിയാക്‌ഷനും അല്ല. പ്രമേഹം, ഹൈപെർടെൻഷൻ, ആസ്മ എന്നൊക്കെ പറയുന്നത് പോലെയുള്ള രോഗാവസ്ഥകൾ ആണ്. ഓർഗാനിക് ആയത് കൊണ്ട് തന്നെ ഇവയുടെ ചികിത്സയിൽ മരുന്നുകൾക്ക് വലിയൊരു റോൾ ഉണ്ട്. Parkinson’s disease പോലൊരു ശാരീരിക രോഗത്തിൽ dopamine കുറയുമ്പോൾ നമ്മൾ പുറത്ത് നിന്ന് dopamine ടാബ്‌ലറ്റ് രൂപത്തിൽ supplement ചെയ്യുന്നു. അത് പോലെ ഒരു chemical intervention മാത്രമേ mental illness treatmentലും ചെയ്യുന്നുള്ളൂ.

ഈ മരുന്നുകൾ എത്ര ഫലപ്രദം ആണ് എന്നറിയണമെങ്കിൽ ഒരു ദിവസം നിങ്ങൾ ഏതെങ്കിലും ഒരു സൈക്കാട്രി ഓപി സന്ദർശിച്ചാൽ മതിയാവും. മരുന്നുകളുടെ മാത്രം സഹായത്തോടെ വളരെ നോർമൽ ആയി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരെ നിങ്ങൾക്കവിടെ കാണാൻ സാധിക്കും. കൈ വിറയൽ, ഭാരം കുറയൽ, മയക്കം പോലുള്ള പാര്‍ശ്വഫലം ഇവയ്ക്ക് ഉണ്ടെന്നുള്ളത് സത്യമാണ്. എന്നാൽ കൃത്യമായ നിരീക്ഷണം ഉണ്ടെങ്കിൽ ഒരു പരിധി വരെ പാര്‍ശ്വഫങ്ങൾ നിയന്ത്രിക്കാനും ആവശ്യമെങ്കിൽ വേറെ മികച്ച ചികിത്സയിലേയ്ക്ക് മാറ്റാനും പറ്റും.

ഇത്രയുമൊക്കെ വാരിവലിച്ചു പറയാൻ ഒരു കാരണമുണ്ട്. ട്രാൻസ് സിനിമയിൽ വളരെ പ്രധാനപ്പെട്ട മൊമെന്റിൽ പറയുന്ന ഒരു പ്രസ്താവന ഉണ്ട്: Risperidone, Xanax പോലുള്ള psychotropic medications നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നവയാണെന്നും തലച്ചോറിന്റെ ക്ഷതത്തിനു കാരണമാവുമെന്നും. എന്ത് ശാസ്ത്രീയ അടിസ്ഥാനത്തിൽ അങ്ങനെ ഒരു ആന മണ്ടത്തരം നിങ്ങൾ പറഞ്ഞത് എന്നാണ് ട്രാൻസ് ടീമിനോട് എന്റെ ചോദ്യം. അങ്ങനൊരു പ്രസ്താവന സിനിമ കാണുന്നവരിൽ മരുന്ന് കഴിക്കുന്ന മാനസികമായി അസ്വാസ്ഥ്യമുള്ള വ്യക്തികളെ എങ്ങനെ ബാധിക്കുമെന്ന് നിങ്ങൾ ഒരു നിമിഷമെങ്കിലും ആലോചിച്ചോ. ഇല്ലാ എന്നറിയാം. അത് ഞാൻ പറഞ്ഞു തരാം.

ഇന്നലെ കൊച്ചിയിൽ ജോലി ചെയ്യുന്ന എന്റെ സുഹൃത്തായ സൈക്കാട്രിസ്റ്റ് പറഞ്ഞു, anxiety disorder ഉള്ള ഒരു രോഗി മരുന്ന് കഴിക്കാൻ വിസമ്മിതിക്കുന്നു. ചോദിച്ചപ്പോൾ പറഞ്ഞു തലച്ചോറിനു പ്രശ്നം വരുമെന്ന്. Psychotic depression ഉള്ള ഒരു രോഗി മരുന്ന് ഉപേക്ഷിച്ച് നാളെ ആത്മഹത്യ ചെയ്താൽ അതിന് ആരുത്തരം പറയും. നല്ല രീതിയിൽ maintain ചെയ്തു പോകുന്ന ഒരു ബൈപോളാര്‍ രോഗി മരുന്ന് നിർത്തി പൂർണ രോഗാവസ്ഥയിൽ എത്തിയാൽ അതിന് ആരാണ് കാരണം. വലിയ വായിൽ നിഷേധിക്കാനും സയന്റിഫിക് ബേസിക് ഇല്ലാതെ പൊട്ടത്തരങ്ങൾ വിളിച്ചു പറയാനും എളുപ്പം ആണ്, പ്രതിവിധി ഉണ്ടോ നിങ്ങളുടെ കയ്യിൽ. സഹായിച്ചില്ലേലും കുറഞ്ഞപക്ഷം ഉപദ്രവിക്കാതെയെങ്കിലും ഇരുന്നൂടെ. ന്യൂജെൻ സിനിമയുടെ പ്രവാചകന്മാർ അല്ലേ നിങ്ങൾ, ഇങ്ങനെ അശാസ്ത്രീയത വിളമ്പി ജനങ്ങളെ വഴിതെറ്റിക്കുന്നതാണോ നിങ്ങളുടെ പുരോഗമനവാദം. ഏതെങ്കിലും ഒരു സൈക്കാട്രിസ്റ്റിനോട് ഒരു വാക്ക് ചോദിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉണ്ടായിരുന്നുള്ളൂ.

മോഡേൺ മെഡിസിന്റെ ചികിത്സ നിഷേധിച്ച് വിനായകന്റെ മകളെ കൊല്ലിക്കുന്ന പാസ്റ്റർ ജോഷുവ കാൾട്ടൻ ചെയ്ത അതേ കൊലച്ചതി ആണ്, അൻവർ റഷീദ് ആൻഡ് ടീം ഓരോ സൈക്കാട്രി രോഗികളോടും ഈ സിനിമയിലൂടെ ചെയ്യുന്നത്. അത് മറക്കണ്ട.

Trance കണ്ടു. ഒരു സിനിമയേയും കീറിമുറിക്കാനോ വിലയിരുത്താനോ താല്പര്യം ഇല്ല. എന്നാൽ വൻ impact ഉള്ള ഒരു മീഡിയം ആണ്…

Posted by Thomas Mathai Kayyanickal on Sunday, February 23, 2020