ഇതാ സോഷ്യൽമീഡിയ പറഞ്ഞ സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയിച്ച് വിവാഹം കഴിച്ച അധ്യാപകൻ: എന്നാൽ യഥാർത്ഥ കഥ അങ്ങനെയല്ല

single-img
28 February 2020

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഒരു ചിത്രമാണ്. ഒരു സ്കൂളിലെ ഏഴാംക്ലാസിലെ ക്ലാസ് ഗ്രൂപ്പ് ഫോട്ടോ. ആ ഫോട്ടോയ്ക്ക് ഒപ്പം മറ്റൊരു ചിത്രവുമുണ്ടായിരുന്നു. വിവാഹിതരായ ദമ്പതിമാരുടെ. രണ്ടാമത്തെ ചിത്രത്തിൽ കാണുന്ന ദമ്പതിമാർ ഒന്നാമത്തെ ചിത്രത്തിലും ഉൾപ്പെട്ടിരുന്നു. പക്ഷേ അത് അധ്യാപകനും വിദ്യാർത്ഥിനിയുമായാണെന്നു  മാത്രം. ഒരു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ അഭിനന്ദനങ്ങളും അതിൽ ഏറെ വിമർശനങ്ങളും നിറഞ്ഞു. പലർക്കും അറിയേണ്ടത് ചിത്രത്തിൻറെ യഥാർത്ഥ കഥയായിരുന്നു. 

പഠിക്കാനെത്തിയ വിദ്യാർത്ഥിനിയെ പ്രണയിച്ച അധ്യാപകൻ എന്നുള്ള നിലയിലാണ് ചിത്രത്തിലെ നായകനെ സമൂഹമാധ്യമങ്ങളിലെ ഭൂരിപക്ഷവും കണ്ടതെന്ന് വ്യക്തം.  ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനി. അവളെ പഠിപ്പിക്കാൻ വന്ന ഫിസിക്സ് അധ്യാപകൻ. കഥകൾ മെനയാൻ സോഷ്യൽ മീഡിയയെ ആരും പഠിപ്പിക്കേണ്ടല്ലോ. മഞ്ചേരി സബ് ഇൻസ്പെക്ടറായ സുമേഷും ഭാര്യ നീനുവുമാണ് ഇക്കഥയിലെ നായകനും നായികയും. 

എന്നാൽ ഇപ്പോൾ സത്യാവസ്ഥ തുറന്നു പറയുകയാണ് സുമേഷ്. പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥിയെ പ്രപ്പോസ് ചെയ്യാനോ… പ്രേമിക്കാനോ ഞാൻ ചെന്നിട്ടില്ലെന്നാണ് സുമേഷ് വ്യക്തമാക്കുന്നത്. നീനുവിനെ പഠിപ്പിച്ചിട്ടുണ്ട്. 2008ൽ കുമളി അമലാംബിക സ്കൂളിൽ ഫിസിക്സ് അധ്യാപകനായപ്പോൾ തൻ്റെ വിദ്യാർത്ഥിനിയായിരുന്നു നീനുവെന്ന് സുമേഷ് വ്യക്തമാക്കുന്നു. അതേ സ്കൂളിൽ ഏഴാം ക്ലാസിലാണ് നീനു പഠിച്ചിരുന്നത്. അന്നത്തെ പന്ത്രണ്ട് വയസുകാരി നീനുവിനെ നോട്ടമിടാനോ ഞാൻ പ്രേമിക്കാനോ പോയെന്നു  പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നും സുമേഷ് ചോദിക്കുന്നു. 

ഇക്കഥയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നത് 2010ലാണ്. എക്സെെസ് ഉദ്യോഗസ്ഥനായി മാറിയ സുമേഷിൻ്റെ ആദ്യ നിയമനം നീനുവിൻ്റെ നാടായ വണ്ടിപ്പെരിയാറിലായിരുന്നു. അന്ന് നീനു 9–ാം ക്ലാസ് വിദ്യാർത്ഥിനിയാണ്.  നാട്ടിൽ വച്ച് വീണ്ടും കണ്ടതോടെ സൗഹൃദം വളർന്നു. പതിയെ പതിയെ അത് പ്രണയമായിമാറി. ഇപ്പോഴും നീനു ഉറപ്പിച്ചു പറയുന്നു, താനാണ് സുമേഷിനു പിന്നാലെ കൂടിയതെന്ന്. 

2008ൽ  അധ്യാപകനായിരുന്ന സുമേഷ് 2010 ൽ എക്സൈസിലേക്കെത്തി. പിന്നാലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലേക്ക്.  നിലവിൽ മഞ്ചേരിയിലെ സബ് ഇൻസ്പെക്ടറും. നീനു ഇപ്പോൾ സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് പിഎസ്‍സി അസിസ്റ്റന്റ് എഞ്ചിനീയറിനായുള്ള പരിശീലനത്തിലും. 

കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹസമയത്ത് സുമേഷിന് 35 വയസായിരുന്നു പ്രായം. നീനുവിന് 22. ഇരുവീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെയുള്ള വിവാഹമെന്ന് ഇരുവരും വ്യക്തമാക്കുന്നു. ഞങ്ങളുടെ പ്രണയവും സ്നേഹവും ഞങ്ങൾക്ക് മാത്രം മനസിലാകുന്നതാണെന്നുള്ള അടിക്കുറിപ്പോടെയാണ് സുമേഷും നീനുവും സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് മറുപടി നൽകുന്നത്.