മൃതദേഹം കണ്ടത് തടയണയ്ക്ക് അപ്പുറത്തു നിന്നും; ഒഴുകിവന്നതോ കൊണ്ടിട്ടതോ? പോസ്റ്റുമാർട്ടം റിപ്പോർട്ടിന് കാത്ത് പൊലീസ്

single-img
28 February 2020

കഴിഞ്ഞ ദിവസം കാണാതായി പുഴയിൽ വീണു മരിച്ച നിലയിൽ കാണപ്പെട്ട ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറിൻ്റെ ഭാഗമായ പള്ളിമൺ ആറ്റിൽ നിന്നു പുറത്തെടുത്തു പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നു പൊലീസ് ഇൻക്വിസ്റ്റിൽ വ്യക്തമായിരുന്നു. എന്നാൽ മരണം സംബന്ധിച്ചുള്ള ദുരൂഹത തുടരുകയാണ്. 

പള്ളിമൺ ആറ്റിൽ തടയണ നിർമിച്ചിരിക്കുന്നതിന് അപ്പുറത്തു നിന്നാണു മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് ഒഴുകിപ്പോകാൻ സാധ്യതയുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. അതിനുള്ള സാധ്യതയില്ലെങ്കിൽ മൃതദേഹം പിന്നീട് ഇവിടെ കൊണ്ടിട്ടതാണോയെന്നാണ് പൊലീസ് സംശയിക്കുന്നതും. പോസ്റ്റുമോർട്ടം കഴിഞ്ഞ ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുള്ളുവെന്നാണ് പൊലീസ് അറിയിക്കുന്നത്. 

വീടിന് ന് 500 മീറ്റർ അകലെ നിന്നാണു മൃതദേഹം കണ്ടത്. ഈ ഭാഗത്തു ദേവനന്ദ വരാറില്ല. മൃതദേഹം കണ്ട സ്ഥലം വിജനമായ പ്രദേശമാണ്. ആറ്റിനു തീരത്തു കാടും റബർ മരങ്ങളുമാണ്. ദേവനന്ദയുടെ പിതാവ് പ്രദീപ് കുമാർ രാവിലെ വീട്ടിലെത്തി. മൃതദേഹം കണ്ട പ്രദീപ് കുമാർ കുഴഞ്ഞുവീണതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. 

കാണാതായ ദേവനന്ദയ്ക്കു വേണ്ടി കേരളം ഒന്നടങ്കം നടത്തിയ പ്രാർത്ഥനകളെ വിഫലമാക്കി ഇന്നു രാവിലെ എഴര മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തുള്ള ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മുങ്ങൽ വിദ​ഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.  പുഴയിൽ കുറ്റിക്കാടിനോട് ചേർന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. 

ദേവനന്ദയെ കണ്ടെത്താനുളള തിരച്ചില്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലായിരുന്നു. കുട്ടി പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ അഗ്‌നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും സമീപത്തെ പുഴയില്‍ തിരിച്ചിൽ നടത്തിയെങ്കിലും യാതൊരു ഒരു സൂചനയും ലഭിച്ചിരുന്നില്ല. 

ഇന്നലെ രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറകില്‍ തുണി അലക്കുകയായിരുന്ന ഇവര്‍ കുറച്ചുസമയത്തേക്ക് മകളുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെയാണ് അവർ തുണികഴുകൽ മതിയാക്കി  വീടിൻ്റെ മുന്‍വശത്ത് എത്തിയത്. ഈ സമയം വീടിന്റെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലുമായിരുന്നു. തുടര്‍ന്ന് വീടിനകത്തെല്ലാം പരിശോധിച്ചെങ്കിലും മകളെ കാണാത്തതിനാൽ ധന്യ ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. .

കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പൊലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ അന്വേഷണം നടത്തി. വീടിൻ്റെ നൂറുമീറ്റര്‍ അകലെ പുഴയുള്ളതിനാല്‍ കുട്ടി പുഴയില്‍ വീണിരിക്കാമെന്നും സംശയമുയര്‍ന്നു. ഇതേത്തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി പുഴയിലും തിരച്ചില്‍ നടത്തി.

അന്വേഷണം ഊർജ്ജിതമാക്കിയതോടെ പൊലീസ് ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ച് തിരച്ചില്‍ നടത്തി. പ്രദീപിന്റെ വീട്ടില്‍നിന്ന് മണംപിടിച്ച പൊലീസ് നായ പുഴയുടെ കുറുകെയുള്ള ബണ്ട് കടന്ന് വള്ളക്കടവ് വരെ ഓടി തിരിച്ചുമടങ്ങിയിരുന്നു. ഈ ഭാഗത്തും പൊലീസ് വിശദമായ തിരച്ചില്‍ നടത്തിയിരുന്നു.