ദേവനന്ദനയ്ക്ക് നാടിന്റെ വിട; മൃതദേഹം പിതാവിന്റെ നാട്ടില്‍ സംസ്‌കരിച്ചു

single-img
28 February 2020

കൊല്ലം ജില്ലയിൽ പുഴയിൽ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു. അച്ഛന്‍ പ്രദീപ്കുമാറിന്റെ കുടവട്ടൂരിലുള്ള വസതിക്കു സമീപമാണ് ദേവനന്ദയെ സംസ്‌കരിച്ചത്.

മാതാവായ ധന്യയുടെ ഇളവൂരിലെ വീട്ടിലും വീട്ടിലും ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിലും പൊതുദര്‍ശനത്തിനായി വെച്ചതിനു ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. സംസ്ഥാനമാകെ ഒരേ മനസോടെ പ്രാര്‍ത്ഥനയോടെ കാത്തിരുന്നതായിരുന്നു ഈ കുഞ്ഞിന്റെ തിരിച്ച് വരവിന് വേണ്ടി.

കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും കാണാതായ ദേവനന്ദയ്ക്ക് വേണ്ടി ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ച് നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്ന് രാവിലെയാണ് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ് ധന്യയും ദേവനന്ദയുടെ നാലുമാസം പ്രായമുള്ള അനിയനും മാത്രമാണ് കുട്ടിയെ കാണാതാകുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകനെ ഉള്ളിലുള്ള മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈ സമയത് ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു.

അതേസമയം കുട്ടി എങ്ങനെയാണ് ആറ്റിന്‍ കരയ്‌ക്കെത്തിയത് എന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹതയുണ്ട്. ആരെങ്കിലും കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം ഇപ്പോഴും ഉണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി മരിച്ചത് ആറ്റില്‍ മുങ്ങിയാണെന്ന് വ്യക്തമായിരുന്നു.