ഉറങ്ങാതെ ഒരമ്മയും നാടും

single-img
28 February 2020

കൊല്ലം നെടുമണ്‍കാവിലെ നാട്ടുകാര്‍ കഴിഞ്ഞ ദിവസം ഉറങ്ങിയിട്ടില്ല.  ആറുവയസുകാരിയെ കാണാതായതിൻ്റെ ഞെട്ടലിലും നൊമ്പരത്തിലുമായിരുന്നവർ. മണിക്കൂറുകള്‍ തെരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെകണ്ടെത്താനില്ലെന്നുള്ളതും നാട്ടുകാരുടെ ഉള്ളുലയ്ക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് പുലിയില ഇളവൂര്‍ തടത്തില്‍മുക്ക് ധനേഷ് ഭവനത്തില്‍ പ്രദീപിന്റെ മകള്‍ ദേവനന്ദയെ കാണാതാകുന്നത്. പ്രദീപ് ഗള്‍ഫിൽ ജോലി ചെയ്യുകയാണ്. 

അമ്മ ധന്യ തുണികഴുകാന്‍ പോകുമ്പോള്‍ ദേവനന്ദ വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പിന്നാലെ എത്തിയ കുഞ്ഞിനോട് അമ്മ അകത്തുപോയിരിക്കാന്‍ പറഞ്ഞു. ദേവനന്ദ അകത്തേക്ക് പോകുന്നത് കണ്ടശേഷമാണ് ധന്യ തുണി കഴുകാന്‍ പോയതെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ തിരികെ വന്നപ്പോള്‍ ദേവനന്ദയെ കണ്ടില്ല. വീടിന് സമീപത്ത് വേറെ വാഹനങ്ങള്‍ വന്ന ശബ്ദം കേട്ടില്ലെന്നും ധന്യ പറയുന്നു. 

സാധാരണയായി വീടിന് പുറത്തോ റോഡിലോ ഒന്നും കുട്ടി കളിക്കാൻ പോകാറില്ലെന്നും ധന്യ പറയുന്നു. കുട്ടിയെ കാണാതായ കാര്യം വാർത്തയായതോടെ കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങളും ഫേസ്ബുക്ക് പേജില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്. 

സമീപത്തെ പുഴയില്‍ ഫയര്‍ഫോഴ്‌സെത്തി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കുട്ടിയെ കിട്ടി എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.