ഇന്നലെ ഉച്ചമുതൽ തിരഞ്ഞിട്ടും കാണാത്ത മൃതദേഹം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ അതേ സ്ഥലത്ത് എങ്ങനെയെത്തി?: പൊലീസിനെ കുഴപ്പിക്കുന്ന, നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന പ്രധാന ചോദ്യം ഇതാണ്

single-img
28 February 2020

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ ഏഴു വയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത അഴിക്കുവാനുള്ള തീവ്രശ്രമത്തിൽ പൊലീസ്. കാണാതായ ദേവനന്ദയ്ക്കു വേണ്ടിയുള്ള തെരച്ചില്‍ 20 മണിക്കൂര്‍ പിന്നിടുമ്പോള്‍ വീട്ടിനു സമീപത്തുള്ള  പള്ളിമണ്‍ ആറ്റില്‍ നിന്നും മുങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തന്നെയാണ് പുഴയില്‍ നിന്നും കിട്ടിയ മൃതദേഹത്തിലുള്ളതും. 

 പ്രാഥമിക നിഗമനം പോലെ മുങ്ങി മരണമാകണമെങ്കിൽ വീട്ടിൽ നിന്ന് 50 മീറ്റർ അകലെയുള്ള പുഴയിലേക്കു ദേവനന്ദ നടന്നുപോയി കാൽ വഴുതി വീണിരിക്കണം. ആറു വയസുള്ള കുഞ്ഞ് ഒറ്റപ്പെട്ട ആ സ്ഥലത്തേയ്ക്ക് ഒറ്റയ്ക്കു നടന്നു പോകില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്.  അങ്ങനെയൊരു ശീലം ദേവനന്ദക്കില്ലെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ദിവസം പകൽ പത്തരയോടെയാണു കുട്ടിയെ കാണാതാകുന്നത്. ആ സമയം പുഴയിലേക്കു പോകുന്ന വഴിയിലെ വീട്ടിൽ ആളുകളുണ്ടായിട്ടും കുട്ടി നടന്ന് പോകുന്നത് അവരാരും കണ്ടിട്ടില്ലെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. വലിയ വിസ്തൃതിയില്ലാത്ത, പരമാവധി നാനൂറ് മീറ്റർ വീതി മാത്രമുള്ള പുഴയിൽ ഇന്നലെ ഉച്ചമുതൽ തിരഞ്ഞിട്ടും കാണാത്ത മൃതദേഹം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ അതേ സ്ഥലത്ത് കണ്ടതെങ്ങനെയെന്നുള്ളതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. നാട്ടുകാർക്കു മുന്നിൽ കുഞ്ഞിൻ്റെ മരണം സംബന്ധിച്ച് ദുരൂഹത ഉയർത്തുന്നതും ഈ ചോദ്യം തന്നെ.

മുമ്പ് അമ്പലത്തിലും മറ്റും പോകാനായി വീട്ടുകാർക്കൊപ്പം കുട്ടി പുഴ മറികടന്ന് പലതവണ പോയിട്ടുണ്ട്. കുളിക്കാനെത്തിയും പരിചയമുള്ള പുഴയായതിനാൽ കുട്ടി ഇവിടേക്കെത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. എന്നാൽ ഈ അടുത്തെങ്ങും കുട്ടി ഇത്തരത്തിൽ പോയിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. എന്തായാലും ഈ സാഹചര്യത്തിൽ ദുരൂഹ മരണത്തിനു കേസെടുത്ത് എല്ലാ സാധ്യതകളും അന്വേഷിക്കാനാണ് പൊലീസിൻ്റെ തീരുമാനം.