ദേവനന്ദയുടെ മരണത്തിൽ ദുരൂഹത: നാട്ടുകാർ രംഗത്ത്

single-img
28 February 2020

കൊല്ലം നെടുമണ്‍കാവ് ഇളവൂരില്‍ കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്നു കാണാതായതും ഇപ്പോൾ മൃതദേഹം കണ്ടെത്തിയ സാഹചര്യവും ദുരൂഹത ഉണർത്തുന്നതാണെന്നു നാട്ടുകാർ പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ഭാഗം. 

 കാണാതായ ദേവനന്ദയ്ക്കു വേണ്ടി കേരളം ഒന്നടങ്കം നടത്തിയ പ്രാർത്ഥനകളെ വിഫലമാക്കി ഇന്നു രാവിലെ എഴര മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തുള്ള ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മുങ്ങൽ വിദ​ഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.  പുഴയിൽ കുറ്റിക്കാടിനോട് ചേർന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. 

ദേവനന്ദയെ കണ്ടെത്താനുളള തിരച്ചില്‍ മണിക്കൂറുകള്‍ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലായിരുന്നു. കുട്ടി പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ അഗ്‌നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും സമീപത്തെ പുഴയില്‍ തിരിച്ചിൽ നടത്തിയെങ്കിലും യാതൊരു ഒരു സൂചനയും ലഭിച്ചിരുന്നില്ല. 

ഇന്നലെ രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകള്‍ ദേവനന്ദയെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പുറകില്‍ തുണി അലക്കുകയായിരുന്ന ഇവര്‍ കുറച്ചുസമയത്തേക്ക് മകളുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെയാണ് അവർ തുണികഴുകൽ മതിയാക്കി  വീടിൻ്റെ മുന്‍വശത്ത് എത്തിയത്. ഈ സമയം വീടിന്റെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലുമായിരുന്നു. തുടര്‍ന്ന് വീടിനകത്തെല്ലാം പരിശോധിച്ചെങ്കിലും മകളെ കാണാത്തതിനാൽ ധന്യ ബഹളംവെച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. .

കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പൊലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ അന്വേഷണം നടത്തി. വീടിൻ്റെ നൂറുമീറ്റര്‍ അകലെ പുഴയുള്ളതിനാല്‍ കുട്ടി പുഴയില്‍ വീണിരിക്കാമെന്നും സംശയമുയര്‍ന്നു. ഇതേത്തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെത്തി പുഴയിലും തിരച്ചില്‍ നടത്തി.

അന്വേഷണം ഊർജ്ജിതമാക്കിയതോടെ പൊലീസ് ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ച് തിരച്ചില്‍ നടത്തി. പ്രദീപിന്റെ വീട്ടില്‍നിന്ന് മണംപിടിച്ച പൊലീസ് നായ പുഴയുടെ കുറുകെയുള്ള ബണ്ട് കടന്ന് വള്ളക്കടവ് വരെ ഓടി തിരിച്ചുമടങ്ങിയിരുന്നു. ഈ ഭാഗത്തും പൊലീസ് വിശദമായ തിരച്ചില്‍ നടത്തിയിരുന്നു.