രാജ്യദ്രോഹക്കേസ്; കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി

single-img
28 February 2020

രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചുള്ള കേസിൽ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ അധ്യക്ഷനും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യകുമാര്‍ ഉൾപ്പെടെയുള്ളവരെ വിചാരണ ചെയ്യാന്‍ ഡൽഹി സർക്കാരിന്റെ അനുമതി. 2016 കാലഘട്ടത്തിൽ സർവകലാശാലയിൽ വിദ്യാര്‍ത്ഥി നേതാവായിരിക്കെ അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു കനയ്യ അടക്കമുള്ളവര്‍ക്കെതിരെ ഉണ്ടായആരോപണം.

ഈ കേസിൽ ഇപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വിചാരണക്ക് അനുമതി നല്‍കിയത്. കനയ്യ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസ് ഫയൽ കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഡല്‍ഹി ആഭ്യന്തര വകുപ്പിന് മുന്നിലുണ്ടായിരുന്നു.

അതേസമയം രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചത് പ്രകടനത്തില്‍ നുഴഞ്ഞു കയറിയ എബിവിപി പ്രവര്‍ത്തകരാണെന്ന് മുന്‍ എബിവിപി നേതാക്കള്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. വിവാദങ്ങൾ ഉണ്ടാക്കുന്നതിലൂടെ രോഹിത് വെമുലയുടെ മരണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനായിരുന്നു എബിവിപിയുടെ ശ്രമമെന്നും ഇവര്‍ പറഞ്ഞിരുന്നു.