ദേവനന്ദയുടെ മൃതദേഹത്തിനൊപ്പം ധരിച്ചിരുന്ന ഷാളും ലഭിച്ചു: പുഴയിൽ വീണ്ടും പരിശോധന

single-img
28 February 2020

കഴിഞ്ഞ ദിവസം ദുരൂഹമായി കാണാതാകുകയും പിന്നീട് മുങ്ങിമരിച്ച നിലയില്‍ വീടിന് സമീപത്തെ പുഴയില്‍ നിന്നും കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ മൃതദേഹം കിടന്ന സ്ഥലത്ത് നിന്നും കുട്ടി ധരിച്ചുവെന്നു കരുതപ്പെടുന്ന ഷാള്‍ കണ്ടെത്തി. ഇന്ന് രാവിലെ പോലീസ് വീണ്ടും നടത്തിയ പരിശോധനയിലാണ് തവിട്ടു നിറത്തിലുള്ള ഷാള്‍ കണ്ടെത്തിയത്. ഇത് പെണ്‍കുട്ടി ധരിച്ചിരുന്നതാകാം എന്നാണ് പോലീസ് പറയുന്നത്. 

ഷാള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് കണ്ടെത്തിയാല്‍ വീണ്ടും പരിശോധനകള്‍ വേണ്ടിവരുമെന്നാണ് പൊലീസ് നൽകുന്ന സൂചനകൾ. മൃതദേഹം കിടന്ന സ്ഥലത്തു നിന്നും 30 മീറ്റര്‍ മാറിയാണ് ഷാള്‍ കണ്ടെത്തിയതെന്ന് മുങ്ങല്‍ വിദഗ്ദ്ധരും പറഞ്ഞു. ഇന്നലെ കാണാതായപ്പോള്‍ തവിട്ടു നിറത്തിലുള്ള ഷാള്‍ ദേവനന്ദ ധരിച്ചിരുന്നതായി ഇന്നലെ പോലീസിനോട് വീട്ടുകാര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളതും തവിട്ടു നിറത്തിലുള്ള ഷാള്‍ തന്നെയാണ്.

ഇന്നലെ രാവിലെ മുതല്‍ കാണാതായ ദേവനന്ദ എന്ന ഏഴുവയസ്സുകാരിയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. മൃതദേഹം കിടന്ന സ്ഥലത്തോട് ചേര്‍ന്ന് പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ചിട്ടുള്ള നടപ്പാലത്തിന് സമീപമായിരുന്നു വീണ്ടും തെരച്ചില്‍ നടത്തിയത്. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നു വരികയാണ്. ഇതിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമാര്‍ട്ടത്തിനായി കൊണ്ടുപോകും. പെണ്‍കുട്ടിയെ കാണാതായ ശേഷം 20 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. 

കുട്ടിയുടെ ബന്ധുക്കളും പിതാവും ഇവിടെയെത്തി മൃതദേഹം കാണുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വിദേശത്തായിരുന്ന കുട്ടിയുടെ പിതാവ് പ്രദീപ്കുമാര്‍ ഇന്ന് രാവിലെ നാട്ടിലെത്തിയിരുന്നു. മകളുടെ മരണവാര്‍ത്തയറിഞ്ഞ പ്രദീപിനെ നാട്ടുകാര്‍ ചേര്‍ത്ത്പിടിച്ചുകൊണ്ട് മൃതദേഹത്തിന് അരികിലേക്ക് എത്തിച്ചത് ഏവരുടെയും കണ്ണു നിറച്ചിരുന്നു.