ഡല്‍ഹി കലാപം പഠിക്കാന്‍ കോണ്‍ഗ്രസിന്റെ അഞ്ചംഗ സമിതി; റിപ്പോര്‍ട്ട് സോണിയയ്ക്ക് കൈമാറും

single-img
28 February 2020

രാജ്യ തലസ്ഥാനമായ ഡൽഹിയിലെ കലാപ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. മുതിർന്ന നേതാവായ മുകുള്‍ വാസ്‌നിക്, താരിഫ് അന്‍വര്‍, സുശ്മിത ദേവ്, ശക്തിസിന്‍ഹ് ഗോഹില്‍, കുമാരി സെല്‍ജ എന്നിവരാണ് പാർട്ടിയുടെ പ്രതിനിധി സംഘത്തിലുള്ളത്.

സോണിയ നിയോഗിച്ച ഈ സംഘം ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സോണിയയ്ക്ക് കൈമാറും. ഇതുവരെ42 പേര്‍ കൊല്ലപ്പെടുകയും, മുന്നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത അക്രമസംഭവങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ ലക്ഷ്യംവെയ്ക്കുകയാണ് കോണ്‍ഗ്രസ്.

ഇന്നലെ ഈ വിഷയം ഉന്നയിച്ച് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പരാതിയുംനൽകുകയുണ്ടായി.