സത്യത്തിന് വേണ്ടി പൊരുതാൻ മോദി സർക്കാരിന് മടിയില്ല; ഡല്‍ഹി കലാപത്തിന് കാരണം കോണ്‍ഗ്രസ്; അമിത് ഷാ

single-img
28 February 2020

ഡൽഹിയിൽ നടന്ന വർഗ്ഗീയ കലാപത്തിന്റെ കാരണക്കാർ പ്രതിപക്ഷമായ കോൺഗ്രസാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സത്യത്തിനായി പൊരുതാൻ മോദി സർക്കാരിന് മടിയില്ലെന്നും പ്രതിപക്ഷം ജനങ്ങളെ ഇളക്കിവിടുകയാണെന്നും അദ്ദേഹം ബിഹാറിൽ പങ്കെടുത്ത ഒരു പരിപാടിയിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടു.

അതേസമയം ഡൽഹിയിലെ കലാപത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. കലാപത്തിന് ശമനമുണ്ടായ വടക്കുകിഴക്കൻ ഡൽഹിയിൽ ജനങ്ങൾ പുറത്തിറങ്ങിത്തുടങ്ങി. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള കനത്ത സുരക്ഷ സന്നാഹം എല്ലായിടത്തും തുടരുകയാണ്. ജനജീവിത സ്ഥിതി സാധാരണനിലയിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ നിരോധനാജ്ഞയിൽ ഇളവ് നൽകി.

അതേ സമയം കലാപത്തിൽ സാരമായി പരിക്കേറ്റ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്തുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കഴിഞ്ഞ ദിവസം കാണുകയുണ്ടായി.