ഡൽഹി ശാന്തമാകുന്നു: കത്തിയെരിഞ്ഞ വീടുകൾ, തകർന്നടിഞ്ഞ സ്കൂളുകൾ; ജാഗ്രതയോടെ രാജ്യതലസ്ഥാനം

single-img
28 February 2020

ഡൽഹി: കലാപമുണ്ടായ വടക്കുകിഴക്കൻ ഡൽഹി സമാധാന അന്തരീക്ഷത്തിലേക്ക്. ഞായറാഴ്ചയാരംഭിച്ച അക്രമസംഭവങ്ങൾ അൽപ്പമെങ്കിലും ശമിച്ചത് ഇന്നലെയാണ്. ബുധനാഴ്ച രാത്രിയിലും മൗജ്പുർ, ചാന്ദ്ബാഗ് ഉൾപ്പെടെ പല സ്ഥല‌ങ്ങളിലും ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. പൊലീസും അർധസൈനിക വിഭാഗവും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. കേന്ദ്ര സേനയെ വിന്യസിച്ച ശേഷം അനിഷ്ട സംഭവങ്ങളെവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി. വെള്ളിയാഴ്ച ജുമുഅ നമസ്കാരം നടക്കുന്നതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്.

പെട്രോൾ ബോംബെറിഞ്ഞു കത്തിച്ച വീടുകളിലെയും വ്യാപാരകേന്ദ്രങ്ങ‌ളിലെയും പുക ഒടുങ്ങിയിട്ടില്ല. തീ അണയ്ക്കാൻ ഇന്നലെയും അഗ്നിശമന വിഭാഗം പലസ്ഥലത്തും ഓടിയെത്തി. 4 ദിവസമായി വ്യാപാരകേന്ദ്രങ്ങളും മാർക്കറ്റുകളുമെല്ലാം അടഞ്ഞു കിടക്കുകയാണ്. ഏകദേശം 70 ലക്ഷം രൂപയുടെ നഷ്ടമാണ് അരുൺ മോഡേൺ സീനിയർ സെക്കൻഡറി സ്‌കൂളിൽ കണക്കാക്കുന്നത്. കത്തിനശിച്ച പുസ്തകങ്ങൾ, തകർന്ന മേശയും കസേരയും. സ്കൂൾ മുഴുവൻ നശിപ്പിച്ചിരിക്കുന്നു. മറ്റു പല സ്കൂളുകളിലെയും അവസ്ഥയും ഇതു തന്നെ. ചാന്ദ്ബാഗിൽ വിസ്ഡം സ്കൂളിനു മുന്നിൽ നിർത്തിയിട്ടിരുന്ന 2 സ്കൂൾ ബസുകളാണു കത്തിച്ചത്. ഇവിടങ്ങളിൽ ഇനി എന്നു പഠനം ആരംഭിക്കാനാകുമെന്നറിയില്ല. ഭക്ഷ്യവസ്തുക്കളുടെ ക്ഷാമമാണു മറ്റൊരു വെല്ലുവിളി.

അപകടത്തിൽ ഗുരുതര പരുക്കുകളുമായി പലരും ആശുപത്രികളിൽ തുടരുകയാണ്. മരിച്ച പലരുടെയും മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. കാണാതായവരും ഏറെയാണ്. ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി വിവിധ മത നേതാക്കളുമായി ചർച്ച നടത്തുമെന്ന് ഡൽഹി പോലീസും വ്യക്തമാക്കി. മത നേതാക്കളുടെ നേതൃത്വത്തിൽ സമാധാനയോഗങ്ങൾ വിളിക്കാനും നിർദ്ദേശം നൽകും. ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്ക് അടിയന്തര സഹായങ്ങള്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നേരത്തെ കലാപത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് ആരോപണമുയർന്ന കൗൺസിലർ താഹിർ ഹുസൈനെ ആം ആദ്മി പാർട്ടി സസ്‌പെൻഡ് ചെയ്തു. കലാപത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലാപത്തില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്ക് ഇരട്ടിശിക്ഷ നല്‍കുമെന്നും രാഷ്ട്രീയം നോക്കാനില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു.