രാജ്യദ്രോഹ സന്ദേശം പ്രചരിപ്പിച്ചു: ട്വിറ്റര്‍, വാട്ട്സ്ആപ്പ്, ടിക്ടോക് എന്നീ സോഷ്യല്‍ മീഡിയകള്‍ക്കെതിരെ കേസ്

single-img
28 February 2020

ഹൈദരാബാദ്: രാജ്യദ്രോഹ സന്ദേശം പ്രചരിപ്പിച്ചു എന്ന പേരില്‍ ട്വിറ്റര്‍, വാട്ട്സ്ആപ്പ്, ടിക്ടോക് എന്നീ സോഷ്യല്‍ മീഡിയ മാധ്യമങ്ങള്‍ക്കെതിരെ കേസ്. ഹൈദരാബാദ് പൊലീസ് സൈബര്‍ ക്രൈം വിഭാഗമാണ് കേസ് റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വെല്ലുവിളിയുണ്ടാക്കുന്ന, സാമുദായിക സാഹോദര്യം തകര്‍ക്കുന്ന വീഡിയോ പ്രചരിപ്പിച്ചു എന്നതിന് ഐപിസിയിലേയും, ഐടിആക്ട് 2000ത്തിലേയും വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

ഫെബ്രുവരി 18നാണ് കേസില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 14ന് ഹൈദരാബാദിലെ ജേര്‍ണലിസ്റ്റും, സാമൂഹ്യ പ്രവര്‍ത്തകനുമായ സില്‍വാരി ശ്രീശൈലം നല്‍കിയ പരാതിയില്‍ കേസില്‍ അന്വേഷണം നടത്താന്‍ ഹൈദരാബാദ് പതിനാലാം നമ്പര്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതി അന്വേഷണം നടത്താന്‍ ഹൈദരാബാദ് പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. ഇതിലെ അന്വേഷണത്തിലാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.അടുത്ത ദിവസങ്ങളില്‍ തന്നെ ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ മാനേജ്മെന്‍റുകള്‍ക്ക് നോട്ടീസ് അയക്കുമെന്നാണ് ഹൈദരാബാദ് സെന്‍ട്രല്‍ ക്രൈം സ്റ്റേഷന്‍ സൈബര്‍ ക്രൈം വിഭാഗം അറിയിക്കുന്നത്.

ചില സ്ഥാപിത താല്‍പ്പര്യക്കാരും, പാകിസ്ഥാനില്‍ നിന്നുള്ളവരും തയ്യാറാക്കുന്ന സിഎഎ, എന്‍ആര്‍സി വിരുദ്ധ വീഡിയോകള്‍ ടിക്ടോക് പോലുള്ള മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ് സില്‍വാരി ശ്രീശൈലം പറയുന്നു. ഹര്‍ജിക്കൊപ്പം ഇത്തരത്തില്‍ പ്രചരിക്കുന്ന വിവിധ വീഡിയോകള്‍ ഇദ്ദേഹം കോടതിക്ക് മുന്നില്‍ ഹാജറാക്കിയിരുന്നു.

രാജ്യത്തെ ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും നടന്ന ചില ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കു പിന്നില്‍ വാട്‌സാപ് ആണെന്നും ഡൽഹിയിൽ വാട്സാപ് വഴി പ്രചരിച്ച ചില വ്യാജ റിപ്പോർട്ടുകളാണ് കലാപത്തിലേക്ക് നയിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. അതു കൊണ്ട് തന്നെ സമൂഹ്യ മാധ്യമങ്ങൾക്കെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകും സർക്കാർ നീക്കവും. അടുത്തിറങ്ങാന്‍ പോകുന്ന നിയമാവലിയില്‍ ഇത്തരം ഒരാവശ്യം ഉള്‍പ്പെടുത്താനാണ് സാധ്യത.