കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നിരോധനം; ഹൈക്കോടതി ഉത്തരവിനോട് യോജിക്കുന്നു: ടിക്കാറം മീണ

single-img
27 February 2020

സംസ്ഥാനത്തെ കലാലയങ്ങളിൽ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരങ്ങൾക്ക് നിരോധനമേർ‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് ശരിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഈ വിഷയത്തില്‍ ഹൈക്കോടതി നിരീക്ഷണത്തോട് പൂർണമായും യോജിക്കുന്നതായി അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിന്റെ ഇടപെടലുകളില്‍ ക്യാമ്പസുകൾ കലാപ ഭൂമിയാക്കാൻ പാടില്ല. താന്‍ തന്‍റെ കുട്ടിയെ കോളേജിൽ അയയ്ക്കുന്നത് പഠിക്കാനാണ് രാഷ്ട്രീയം കളിക്കാൻ അല്ലെന്നും മീണ പറഞ്ഞു. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം എംഇഎസ് കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

വിദ്യാര്‍ത്ഥികള്‍ കലാലയങ്ങളില്‍ നടത്തുന്ന രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിന്‍റെ പേരിൽ പഠിപ്പ് മുടക്കുന്നതും സമരം നടത്തുന്നതും മൗലികാവകാശത്തിനുമേലുളള കടന്നുകയറ്റമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
കുട്ടികള്‍ പഠിക്കുന്നതിനാണ് സ്കൂളുകളിലും കോളേജുകളിലും വരുന്നത്. അവിടേക്ക് പഠിപ്പു മുടക്കാൻ പ്രേരിപ്പിക്കുന്നതും വിദ്യാർത്ഥികളെ സമരത്തിനിറക്കുന്നതും നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.