ആലപ്പുഴയിൽ കാമുകിയെ വിഡിയോ കോള്‍ ചെയ്തുകൊണ്ട് യുവാവ് തൂങ്ങിമരിച്ചു

single-img
27 February 2020

ആലപ്പുഴയിൽ കാമുകിയെ വിഡിയോകോള്‍ ചെയ്തുകൊണ്ട് യുവാവ് ലോഡ്ജിനുള്ളില്‍ തുങ്ങിമരിച്ചു. വണ്ടാനം സ്വദേശിയായ ബാദുഷയാണ്(26) ലോഡ്ജിൽ ആത്മഹത്യ ചെയ്തത്.  ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ ചങ്ങനാശ്ശേരി പൂച്ചിമുക്കിലെ ലോഡ്ജിൽ ബാദുഷ തൂങ്ങിമരിച്ചത്. 

ആത്മഹത്യയ്ക്കു മുമ്പ് ബാദുഷ കാമുകിയെ വീഡിയോകോള്‍ ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള സൗന്ദര്യപ്പിണക്കമാണ് മരണകാരണമന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ. 

സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചശേഷം ചൊവ്വാഴ്ച രാത്രി 11 മണിയോടെ ബാദുഷ ലോഡ്ജിലെത്തുകയായിരുന്നു. മുറിയില്‍ക്കയറി കാമുകിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ജീവനൊടുക്കുകയായിരുന്നു. യുവാവ് ജീവനൊടുക്കുന്നത് കാമുകി ലൈവായി കണ്ടതോടെ അയാള്‍ ജോലിചെയ്യുന്ന ജ്യൂസ് കടയുടെ ഉടമയെ യുവതി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ പുലര്‍ച്ചെ ആറുമണിയോടെയാണ് യുവതിയുടെ മിസ്‌കോളുകള്‍ ഇയാള്‍ കണ്ടതെന്നാണ് പൊലീസ് ഭാഷ്യം.  

മിസ്ഡ് കോൾ കണ്ടതിനെ തുടർന്ന് യുവതിയെ വിളിച്ചതോടെയാണ് വിവരമറിഞ്ഞത്. ഉടന്‍ ഇയാള്‍ ബാദുഷയെ ഫോണില്‍ വിളിച്ചുവെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന് ലോഡ്ജിലെത്തി ജനാലയിലൂടെ നോക്കിയപ്പോഴാണ് ബാദുഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പോലീസെത്തി വാതില്‍ പൊളിച്ച് അകത്തുകയറുകയായിരുന്നു. 

വാതില്‍ ഉള്ളില്‍നിന്ന് കുറ്റിയിട്ടനിലയിലായിരുന്നു. മരിച്ച ബാദുഷയുടെ ശരീരത്തില്‍ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. ആത്മഹത്യതന്നെയെന്ന പ്രാഥമികനിഗമനത്തിലാണ് പോലീസ്. മൃതദേഹം ഇന്‍ക്വസ്റ്റിനുശേഷം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

അമ്പലപ്പുഴ സ്വദേശിയായ ബാദുഷ നേരത്തേ വിവാഹിതനാണെങ്കിലും ഭാര്യയുമായി പിരിഞ്ഞുകഴിയുകയായിരുന്നു. ഇതിനിടെയാണ് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ വീഡിയോ കോൾ ചെയ്ത വിവരം മൊബൈല്‍ ഫോണ്‍ പരിശോധിച്ചെങ്കില്‍ മാത്രമേ സ്ഥിരീകരിക്കാനാവുവെന്നും പൊലീസ് അറിയിച്ചു.