എടിഎമ്മുകളില്‍ നിന്ന് 2,000ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്നു

single-img
27 February 2020

രണ്ടായിരത്തിന്റെ നോട്ടുകൾ എടിഎമ്മുകളിൽ നിന്ന് പിൻവലിക്കുന്നു. എസ്ബിഐ എടിഎമ്മുകളില്‍ നിന്നാണ് രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിച്ചത്. ഇനി എടിഎമ്മുകളിൽ നിന്ന് ലഭിക്കുന്നത് 500, 200, 100 നോട്ടുകൾ മാത്രമായിരിക്കും. 2000 രൂപ നോട്ടുകൾ എടിഎമ്മുകളിൽ നിക്ഷേപിക്കേണ്ടെന്നറിയിച്ചു കൊണ്ട് എസ്ബിഐ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് എടിഎമ്മുകളിൽ നിന്ന് 2000ത്തിന്റെ നോട്ടുകൾ പിൻവലിച്ചു തുടങ്ങി. മാർച്ച് 31ന് മുമ്പ് പ്രക്രിയ പൂർത്തിയാക്കണമെന്നാണ് സര്‍ക്കുലറിൽ അറിയിച്ചിരിക്കുന്നത്.രണ്ടായിരത്തിന്റെ നോട്ടുകൾ ഡെപ്പോസിറ്റ് മെഷീനിൽ നിക്ഷേപിക്കുന്നതിന് തടസമില്ല.

ഒട്ടുമിക്ക ബാങ്കുകളും 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഇന്ത്യൻ ബാങ്ക് അടക്കം പല ബാങ്കുകളിലും ഇത് പ്രാവർത്തികമായിട്ടുമുണ്ട്. ഇതിന്റെ ഭാഗമായി എടിഎമ്മുകള്‍ പരിഷ്‌കരിക്കുന്നതിനുളള നടപടികളും തുടരുകയാണ്. ഈ വര്‍ഷം അവസാനത്തോടെ എല്ലാ എടിഎമ്മുകളും ഈ നിലയില്‍ പരിഷ്‌കരിക്കാനാണ് ബാങ്കുകള്‍ പദ്ധതിയിട്ടിരിക്കുന്നത്.2000 രൂപ നോട്ട് ആവശ്യമുളളവര്‍ക്ക്് അതത് ശാഖകളില്‍ മാത്രമായി ലഭ്യമാക്കാനുളള നടപടികളാണ് ബാങ്കുകള്‍ തുടരുന്നത്.