പുല്‍വാമ ഭീകരാക്രമണം: ഗൂഢാലോചന കേസിലെ പ്രതിക്ക് ജാമ്യം

single-img
27 February 2020

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ ഗൂഢാലോചന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂസഫ് ചോപ്പന് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. ആറ് മാസം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്‍ഐ‌എയ്ക്ക് കഴിയാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.

ആവശ്യപ്പെടുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമുള്ള ഉപാധിയില്‍ 50,000 രൂപ ബോണ്ട് ഈടാക്കിയാണ് പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി പ്രവീണ്‍ സിങ് പ്രതിക്ക് ജാമ്യം അനുവധിച്ചത്. പ്രമുഖ അഭിഭാഷകന്‍ അങ്കിത് കര്‍ണയാണ് യൂസഫ് ചോപ്പന് വേണ്ടി ഹാജരായത്.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ ഗൂഡാലോചനാ കുറ്റം ചുമത്തിയാണ് യൂസഫ് ചോപ്പനെ അറസ്റ്റ് ചെയ്യുന്നത്. തെളിവുകളുടെ അഭാവത്തില്‍ ചോപ്പനെതിരായ കുറ്റപത്രം വൈകിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തെ ദേശീയ സുരക്ഷാ നിയമപ്രകാരം ജമ്മുവിലെ കോട്ട് ഭല്‍വാല്‍ ജയിലിലേക്കുതന്നെ തിരിച്ചയച്ചതായി എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി.