പതിനാറുകാരിയുടെ മൃതദേഹത്തിനു മുൻപിൽ പിതാവിന്റെ പ്രതിഷേധം: തൊഴിച്ചകറ്റി പോലീസ്

single-img
27 February 2020

ഡൽഹി: ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പതിനാറുകാരിയുടെ മൃതദേഹത്തിനു മുൻപിൽ നിന്ന് പ്രതിഷേധിച്ച പിതാവിനെ പോലീസുകാരൻ തൊഴിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പെൺകുട്ടിയുടെ അച്ഛനെ സിവിൽ പോലീസ് ഓഫിസർ ശ്രീധർ തൊഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ തെലങ്കാന പോലീസ് ഉന്നതതല അന്വേഷണത്തിനു ഉത്തരവിട്ടു. അന്വേഷണ വിധേയമായി ഇയാളെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.

മകളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്കു നീക്കുന്ന അവസരത്തിലാണ് മകളുടെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് പ്രതിഷേധം ഉയർത്തിയത്.ചൊവ്വാഴ്ച തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായുരുന്നു. ഹോസ്റ്റൽ അധികൃതരുടെ അവഗണനയാണ് പെൺകുട്ടിയുടെ മരണത്തിൽ കലാശിച്ചതെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും പിതാവ് പറഞ്ഞു.

എന്നാൽ പെൺകുട്ടിയുടെ അച്ഛനടക്കമുള്ള ബന്ധുക്കൾ െപാലീസിൽ നിന്ന് മൃതദേഹം ബലം പ്രയോഗിച്ച് കടത്താനാണ് ശ്രമിച്ചതെന്നും നിർബന്ധപൂർവ്വം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടു പോകുമ്പോഴാണ് അനിഷ്ട സംഭവം ഉണ്ടായതെന്നും പോലീസുദ്യോഗസ്ഥയായ ചന്ദന ദീപ്തി ആരോപിച്ചു.