ശരണ്യയുടെയും കാമുകന്റെയും മൊഴിയിൽ പൊരുത്തക്കേടുകൾ; വാട്സ്അപ് ചാറ്റ് പരിശോധിച്ച് പോലീസ്

single-img
27 February 2020

കണ്ണൂര്‍: ഒരുവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയുടെ കാമുകനെ പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്തു. കുട്ടിയെ കൊലപ്പെടുത്താന്‍ കാമുകന്‍ ശരണ്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നൊയെന്നാണ് അന്വേഷിക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്.ശരണ്യയുടെയും, കാമുകന്റെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇരുവരുടെയും വാട്സാപ്പ്, ഫെയ്സ്ബുക്ക് ചാറ്റുകള്‍ അന്വേഷണസംഘം പരിശോധിക്കുന്നത്.

പൊലീസ് കസ്റ്റഡിയിലുള്ള ശരണ്യയില്‍ നിന്ന് കാമുകനെതിരെ ചില സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ കാമുകന്റെ പങ്കാളിത്തവുമുണ്ടാകുമെന്ന് ഭര്‍ത്താവ് പ്രണവും മൊഴിനല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്തെങ്കിലും കുഞ്ഞിനെ കൊലപ്പെടുത്താന്‍ താന്‍ നിര്‍ബന്ധിച്ചില്ലെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് കാമുകന്‍. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഴിഞ്ഞ രണ്ടു ദിവസമായി വലിയന്നൂര്‍ സ്വദേശിയായ കാമുകനെ ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്യലിനു ഹാജരാകാൻ സിറ്റി പൊലീസ് ആദ്യം നൽകിയ നോട്ടിസിനോട് ശരണ്യയുടെ കാമുകൻ പ്രതികരിച്ചിരുന്നില്ല. വിയാനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം രാത്രി വലിയന്നൂർ സ്വദേശിയായ ഇയ്യാൾ സംഭവ സ്ഥലത്തുണ്ടായിരുന്നതായി ദൃക്സാക്ഷി മൊഴി നൽകിയിരുന്നു.ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ ഇയാൾ ബൈക്കിൽ കടന്നു പോകുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.