2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ ബാങ്കുകള്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് നിര്‍മ്മല സീതാരാമന്‍

single-img
27 February 2020

ദില്ലി: 2000 നോട്ടുകള്‍ പിന്‍വലിക്കാന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. എടിഎമ്മുകളില്‍ രണ്ടായിരം രൂപ നോട്ടുകൾ ഉപയോഗിക്കുന്നത് നിർത്താൻ സർക്കാർ ഉടമസ്ഥതയിലുള്ള പ്രധാനബാങ്കുകള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് സംബന്ധിച്ച് ഗുവാഹത്തിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അവര്‍. എടിഎമ്മില്‍നിന്ന് നോട്ടുകള്‍ നീക്കം ചെയ്യാന്‍ ധനമന്ത്രാലയം ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ‘എനിക്കറിയാവുന്നിടത്തോളം, അത്തരം നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ല’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

എസ്ബിഐയും ഇന്ത്യൻ ബാങ്കുമാണ് 2000ത്തിന്റെ നോട്ടുകള്‍ എടിഎമ്മില്‍നിന്ന് ഒഴിവാക്കാന്‍ തീരുനിച്ചത്. 2000 രൂപയുടെ നോട്ടുകള്‍ വിപണിയില്‍നിന്ന് സാവകാശം പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. രണ്ടായിരത്തിന്റെ നോട്ടുകള്‍ അച്ചടിക്കുന്നത് നിർത്തിയതായി റിസർവ് ബാങ്ക് കഴിഞ്ഞ വർഷം വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

കള്ളപ്പണത്തിന് എതിരായ പോരാട്ടത്തിന്റെ ഭാഗമായി 2016 നവംബറിലാണ് നിലവിലുള്ള 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് പുതിയ 2000 നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പുക്കുന്നത്. എന്നാല്‍ അതിനുശേഷം കണക്കുകളില്‍പ്പെടാത്ത പണം സൂക്ഷിക്കുന്നവരുടെ പ്രിയപ്പെട്ട കറന്‍സിയായി 2000 രൂപയുടെ നോട്ടുകള്‍ മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്ത കള്ളപ്പണത്തില്‍ 43 ശതമാനം 2000 രൂപ നോട്ടിന്റെ രൂപത്തിലായിരുന്നുവെന്ന് നിര്‍മ്മല സീതാരാമന്‍തന്നെ വ്യക്തമാക്കിയിരുന്നു.