ആശുപത്രിയിൽ ഇരിക്കാൻ നൽകിയ ചക്രകസേരയുമായി വികലാംഗൻ മുങ്ങി: പൊങ്ങിയത് ബാറിൽ

single-img
27 February 2020

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയെത്തിയ വയോധികനായ വികലാംഗൻ ഇരിക്കാനായി നൽകിയ ചക്രകസേരയുമായി മുങ്ങി. അന്വേഷണത്തിനൊടുവിൽ സമീപത്തെ ബാറിൽ നിന്നും ആളിനെ കസേരയോടൊപ്പം പൊക്കി. 

താലൂക്ക് ആശുപത്രിയിൽ വച്ച് ഇരിക്കാന്‍ നല്‍കിയ ചക്രക്കസേരയുംകൊണ്ടാണ് വയോധികന്‍ കടന്നുകളഞ്ഞത്. തുടര്‍ന്ന് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നടത്തിയ തെരച്ചിലിലാണ് ബാറില്‍ നിന്ന് കസേരയ്‌ക്കൊപ്പം ആളെയും പൊക്കിയത്. കഴിഞ്ഞദിവസമാണ് സംഭവം. 

ചികിത്സതേടി വയോധികനായ അംഗപരിമിതന്‍ ആശുപത്രിയില്‍ എത്തിയത് കണ്ട് ഇരിക്കാൻ ചക്രകസേര നൽകുകയായിരുന്നു. തുടര്‍ന്ന് ഏറെ നേരം ചക്രക്കസേരയില്‍ ഇരുന്നു. ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ചക്രക്കസേരയുമായി പതുക്കെ പുറത്തുകടന്ന് ഒരു ഓട്ടോറിക്ഷയില്‍ കയറി സ്ഥലംവിടുകയായിരുന്നുവെന്നാണ് കണ്ടുനിന്നവർ പറയുന്നത്.

കണ്ടുനിന്നവർ തന്നെയാണ് സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചതും. തുടര്‍ന്ന് സെക്യൂരിറ്റിക്കാരന്‍ നഗരം മുഴുവന്‍ കസേരയേയും ആളെയും തിരഞ്ഞു നടന്നു. ഒടുവില്‍ ആളിനെ സമീപത്തെ ബാറില്‍ കണ്ടെത്തി. ഉടനെ കസേരയേയും ആളെയും താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വയോധികൻ്റെ വൈകല്യം കണക്കിലെടുത്ത് താക്കീത് മാത്രം നൽകി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.