പൊതുതാൽപര്യമില്ല, വെറും രാഷ്ട്രീയം; സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി ചവറ്റുകുട്ടയിൽ തള്ളിയ നീതിപതി: ആരായിരുന്നു ജസ്റ്റിസ് എസ്. മുരളീധർ

single-img
27 February 2020

കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി കത്തിയെരിഞ്ഞ വാർത്തകൾക്കിപ്പുറം നീതിയുടെ പ്രതീക്ഷ അലയടിച്ച സ്വരമായിരുന്നു ജസ്റ്റിസ് എസ്. മുരളീധർ എന്ന നീതിപതിയിൽ നിന്നുമുണ്ടായത്. ദല്‍ഹി കലാപത്തിലെ നടുക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ നീതി കാത്തിരിക്കുന്നവര്‍ക്ക് അൽപ്പം പ്രതീക്ഷയേകിയ ആ ശബ്ദം പക്ഷേ ക്ഷണികമായിരുന്നു. ഡൽഹിയിൽ പൊലീസിൻ്റെ നിഷ്‌ക്രിയത്വത്തേയും അക്രമികളെ സഹായിക്കുന്ന മനോഭാവത്തേയും അക്രമങ്ങൾക്ക് കാരണമായി പ്രകോപനപരമായി പ്രസ്താവന നടത്തിയ ബിജെപി നേതാക്കളുടെ പേരെടുത്ത് പറഞ്ഞും വിമര്‍ശിച്ച മുരളീധറിനെ ഒരു രാത്രി അവസാനിച്ചപ്പോൾ ദല്‍ഹി കലാപത്തിൻ്റെ സിറ്റിംഗില്‍ നിന്ന് ഒഴിവാക്കി. ബാധിക്കപ്പെട്ടവർക്ക് നീതിയെവിടെ എന്ന ചോദ്യം മാത്രം ബാക്കി. 

ദല്‍ഹി കലാപസമയത്തും മുരളീധർ ഇരകള്‍ക്ക് വേണ്ടി നിലകൊണ്ടു.  ദല്‍ഹി കലാപത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം എത്തിയത്. കേസ് പരിഗണിക്കവേ വിദ്വേഷ പ്രസംഗങ്ങള്‍ കേട്ടിരുന്നില്ലേ എന്ന് സോളിസിറ്റര്‍ ജനറലിനോടും ദല്‍ഹി പൊലീസ് ഉന്നത ഉദ്യോഗസ്ഥനോടും ജഡ്ജി ചോദിച്ചത് ചരിത്രമായിരുന്നു. 

ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് മറുപടി പറഞ്ഞ ഇരുവര്‍ക്കും ജഡ്ജി തന്നെ വിദ്വേഷ പ്രസംഗങ്ങള്‍ കാണിച്ചു കൊടുക്കുകയായിരുന്നുവെന്നുള്ളതായിരുന്നു യാഥാർത്ഥ്യം. ഇതിന് ശേഷം നിലപാട് വ്യക്തമാക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശം നല്‍കുകയും ചെയ്തു അദ്ദേഹം. 

ഭരണകൂടത്തിൻ്റെ അക്രമ തേർവാഴ്ചയ്ക്ക് എതിരെ ധെെര്യപൂർവ്വം ശബ്ദമുയർത്തിയ ആ നീതിപതി, ജസ്റ്റിസ് മുരളീധർ ആരാണ്? 1984 ല്‍ ചെന്നൈയില്‍ അഡ്വക്കേറ്റായാണ് മുരളീധറിന്റെ നിയമജീവിതം ആരംഭിക്കുന്നത്. 1987 ല്‍ ദല്‍ഹിയിലെത്തിയ അദ്ദേഹം സുപ്രീംകോടതിയിലും ദല്‍ഹി ഹൈക്കോടതിയിലും എത്തപ്പെട്ടു. ഭോപ്പാല്‍ വാതക ദുരന്തത്തിലും നര്‍മ്മദ അണക്കെട്ടിന് വേണ്ടി കുടിയിറക്കപ്പെട്ടവര്‍ക്കും വേണ്ടി നടത്തിയ നിയമഇടപെടലുകളിലൂടെയാണ് അദ്ദേഹം രാജ്യത്ത് അറിയപ്പെട്ടു തുടങ്ങിയത്. 

ദേശീയ മനുഷ്യാവകാശ കമ്മീഷനിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. നിയമകമ്മീഷൻ്റെ പാര്‍ട്ട് ടൈം അംഗമായും മുരളീധര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006 ലാണ് അദ്ദേഹത്തെ അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ദല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത്. 

ജഡ്ജിയായതിനു പിന്നാലെ ചില രാജ്യം കണ്ട ചില പ്രധാന കേസുകളിൽ അദ്ദേഹത്തിൻ്റെ വിധിയുണ്ടായി. ഭീമ കൊറൊഗാവ് കേസില്‍ അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലഖയുടെ റിമാന്‍ഡ് പിന്‍വലിച്ചതും 1984 ലെ സിഖ് കലാപത്തിലെ പ്രതി സജ്ജന്‍കുമാറിനെ ശിക്ഷിച്ചതും അദ്ദേഹമായിരുന്നു. അതോടെ മുരളീധർ രാജ്യത്ത് അറിയപ്പെടുന്ന നിലയിലേക്കുയർന്നു. 

സ്വവര്‍ഗരതി ക്രിമിനല്‍കുറ്റമല്ലാതാക്കിയത് 2009 ല്‍ മുരളീധര്‍ കൂടി അംഗമായ ബെഞ്ചാണ്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പൊതുതാല്‍പര്യ ഹർജി രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ ഹർജിയാണെന്നു പറഞ്ഞു മാറ്റിനിർത്തിയതും അദ്ദേഹമായിരുന്നു. സുപ്രീം കോടതിയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന ദല്‍ഹി ഹൈക്കോടതിയുടെ വിധിപ്രഖ്യാപനത്തിലും മുരളീധര്‍ ഉൾപ്പെട്ടിരുന്നു. 

നേരത്തെ തന്നെ എസ്. മുരളീധറിനെ സ്ഥലം മാറ്റാനുള്ള സുപ്രിം കോടതി കൊളീജിയത്തിന്റെ തീരുമാനം പുറത്തുവന്നിരുന്നു. ഇതിനെതിരെ ദല്‍ഹി ഹൈക്കോടതി അഭിഭാഷകര്‍ കോടതി നടപടികളില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചതും വാർത്തയായിരുന്നു.