ഇന്ത്യ കൂട്ടക്കൊലകളുടെ നാടായിരിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി

single-img
27 February 2020

അങ്കാറ: ഇന്ത്യയില്‍ മുസ്‌ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി തുർക്കി പ്രസിഡന്റ് റെസപ് തയ്യിപ് എർദോഗൻ. ദില്ലിയില്‍ വർഗീയ കലാപത്തിൽ 38 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് എർദോഗന്റെ പ്രസ്താവന.

“ഇന്ത്യ ഇപ്പോൾ കൂട്ടക്കൊലകൾ വ്യാപകമായി നടക്കുന്ന രാജ്യമായി മാറിയിരിക്കുന്നു. എന്ത് കൂട്ടക്കൊലകൾ? മുസ്‌ലീം കൂട്ടക്കൊലകൾ. ആരാണ് ഇതിനുപിന്നില്‍? ഹിന്ദുക്കൾ” എർദോഗൻ അങ്കാറയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

ട്യൂഷന്‍ സ്ന്ററിലേക്ക് പോകുന്ന മുസ്‌ലിം കുട്ടികളെ ഇരുമ്പു വടികള്‍കൊണ്ട് ആക്രമിക്കുന്നത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ്. എങ്ങനെയാണ് ഈ ആളുകള്‍ ലോകസമാധനം സാധ്യമാക്കുക? സമാധാനം പ്രസംഗത്തില്‍ മാത്രമേ ഉള്ളൂ. അവര്‍ കുറേ ആളുകള്‍ ഉണ്ട് എന്നത്കൊണ്ട് ‘ഞങ്ങള്‍ ശക്തരാണ്’ എന്നാണ് അവര്‍ പറയുന്നത്. പക്ഷെ ഇത് ശക്തിയല്ല. എര്‍ദോഗന്‍ പറഞ്ഞു.

ദില്ലിയില്‍ ഞായറാഴ്ച വൈകിട്ട് തുടങ്ങിയ കലാപത്തില്‍ 500 ഓളം പേർക്ക് പരിക്കേൽക്കുകയും 38 പേർ കൊല്ലപ്പെടുകയും ചെയ്തു. വാളുകളും തോക്കുകളുമായി സംഘടിച്ച് എത്തിയ സംഘം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് എതിരേ ആക്രമണം അഴിച്ചുവിടുകയായിരുന്നു. നിരവധി വീടുകളും വാഹനങ്ങളുമാണ് ആക്രമണത്തില്‍ അഗ്നിക്കിരയാക്കിയത്.