കലാലയങ്ങളില്‍ സമരം വിലക്കിയ ഹൈക്കോടതി ഉത്തരവ്; സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് കെ ടി ജലീല്‍

single-img
27 February 2020

കലാലയങ്ങളില്‍ സമരം വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി കെ ടി ജലീല്‍.യൂണിയന്‍ പ്രവര്‍ത്തനം സാധീകരിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ നീക്കം നടത്തുന്നതിനിടെയായിരുന്നു കോടതി ഉത്തരവ്.വിധി ജനാധിപത്യത്തെ തന്നെ ബാധിക്കുന്നതാണെന്ന് മന്ത്രി പ്രതികരിച്ചു.

നേരത്തെയും കലാലയരാഷ്ട്രീയത്തിനെതിരെ കോടതിവിധികള്‍ വന്നിരുന്നു.ക്യാമ്പസുകളില്‍ ഒരു സമരവും പാടില്ലെന്ന് കോടതി വിധിക്കുമ്പോള്‍ വിദ്യാര്‍ഥിയൂണിയനുകളും സര്‍ക്കാര്‍ ഒരു പോലെ പ്രതിസന്ധിയിലാകുകയാണ്. കലാലയങ്ങളില്‍ രാഷ്ട്രീയവും യൂണിയന്‍ പ്രവര്‍ത്തനവും നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് സമരങ്ങള്‍ നിരോധിച്ച് കോടതി വിധി വരുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഓര്‍ഡിനന്‍സിന്റെ കരട് നിയമവകുപ്പിന്റെ പരിഗണനയിലിരിക്കെയാണ് കോടതി ഇടപെടല്‍.

കോടതിവിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നാണ് പ്രതിപക്ഷവും വിദ്യാര്‍ഥി സംഘടനകളും ആവശ്യപ്പെടുന്നത്. അപ്പീലില്‍ തീരുമാനം ഉണ്ടായ ശളേഷം മാത്രമേ ഇനി സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാനാകൂ.സ്വാശ്രയ കോളേജുകളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കലാലയരാഷ്ട്രീയം ആവസ്യമാണെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്. കലാലയ രാഷ്ട്രീയത്തെ അനുകൂലിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ചില മാനേജ്‌മെന്റുകള്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു.