നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ വനം വാച്ചർക്ക് ദാരുണാന്ത്യം

single-img
27 February 2020

പത്തനംതിട്ട: നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ കാട്ടാനയുടെ ചവിട്ടേറ്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ മരിച്ചു. രാജാമ്പാറ ഫോറസ്റ്റ് ബീറ്റ് ഓഫീസർ എ എസ് ബിജു (36) ആണ് മരിച്ചത്.

ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ ആക്രമണത്തിലാണ് ഫോറസ്റ്റ് വാച്ചർ മരിച്ചത്. കാട്ടാനയെ ശബ്ദവെടി വച്ച് കാടു കയറ്റാനുള്ള ശ്രമത്തിനിടെയോയിരുന്നു ദാരുണാന്ത്യം. ആനയെ വിരട്ടി ഓടിക്കാൻ ജനവാസ കേന്ദ്രത്തിന് സമീപത്തെ കാട്ടിൽ കയറിയ ബിജുവിനെ ആന ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയിൽ ബിജുവിന് ആനയുടെ കുത്തേറ്റു. റാന്നി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ അനില. മക്കൾ.ബിജില, അലംകൃത.

ബുധനാഴ്ച രാവിലെ റാന്നി കട്ടിക്കൽ റബർതോട്ടത്തിൽ ഇറങ്ങിയ ആനയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് പരുക്കേറ്റിരുന്നു. ഇയാള്‍ ചികിത്സയിലാണ്. ഇതോടെയാണ് ആന ഇറങ്ങിയ വിവരം പുറത്തറിഞ്ഞത്. തുടർന്ന് ആനയെ തിരക്കി പോയപ്പോഴായിരുന്നു ആക്രമണം.
ബിജുവിനെ ആക്രമിച്ച ശേഷം വെച്ചൂച്ചിറ വിമുക്തഭട കോളനിയിലെ റബർ തോട്ടത്തിൽ നിലയുറപ്പിച്ച ആനയെ പീരുമേട്ടിൽനിന്ന് ദ്രുതകർമസേനയുടെ രണ്ട് സംഘം എത്തി ശബ്ദവെടി പൊട്ടിച്ചാണ് വൈകിട്ടോടെ കാട്ടിൽ കറ്റിയത്.

സംഭവം അറിഞ്ഞ് കലക്ടർ പി.ബി.നൂഹ്, ഡിഎഫ്ഒമാരായ എം.ഉണ്ണിക്കൃഷ്ണൻ,കെ.എസ്.ശ്യാംമോഹൻ, തഹസിൽദാർ സാജൻ വി.കുര്യാക്കോസ്, റാന്നി വനം റേഞ്ച് ഓഫിസർ ആർ.അധീഷ് എന്നിവരു‌ടെ നേതൃത്വത്തിൽ വടശേരിക്കര, ഗൂഡ്രിക്കൽ റേഞ്ചുകളിലെയും കരികുളം, രാജാമ്പാറ വനം സ്റ്റേഷനുകളിലെയും വനപാലകരും ദ്രുതകർമ സേനയും എത്തി.റാന്നി മേഖലയിൽ വന്യ മൃഗങ്ങളുടെ ആക്രമണം രൂക്ഷമാണ്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.