മഞ്ജുവാര്യർ കോടതിയിലെത്തി: സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്ന വാദം ഇന്ന്

single-img
27 February 2020

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മൊഴി നല്‍കാന്‍ നടി മഞ്ജു വാര്യര്‍ വിചാരണ കോടതിയിലെത്തി. ദിലീപ് പ്രതിയായ കേസില്‍ മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമാണ്. കേസില്‍ മുഖ്യ സാക്ഷിയാണ് മഞ്ജു വാര്യര്‍. നടിക്കെതിരേ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു ആയിരുന്നു. 

മഞ്ജു ആദ്യഗ പറഞ്ഞ മൊഴിയിൽ ഉറച്ചു നിൽക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ്  ദിലീപും മഞ്ജുവും വിവാഹ മോചനം നേടിയ അതേ കോടതിസമുച്ചയത്തിലാണ് കേസിൻ്റെ വിചാരണ നടക്കുന്നതെന്നുള്ളതും കൗതുകകരമായ വസ്തുതയാണ്. 

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടിക്ക് പിന്തുണ അര്‍പ്പിച്ച് കൊച്ചിയില്‍ താരസംഘടന സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചനയാണെന്ന ആരോപണം ഉന്നയിച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. തുടര്‍ന്നാണ് ദിലീപ് അറസ്റ്റിലാവുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം  മഞ്ജു നടിക്കൊപ്പം തന്നെ നില്‍ക്കുമോ അതോ ദിലീപിനെ പിന്തുണക്കുമോ എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. 

ആക്രമണത്തിനിരയായ നടി ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജു വാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിനു പിന്നിലെ പ്രധാന കാരണമെന്നാണ് പ്രൊസിക്യൂഷന്‍ വാദം. ഈ സാഹചര്യത്തില്‍ ദിലിപീനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ മൊഴി നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തൽ. 

സിദ്ദീഖ്, ബിന്ദു പണിക്കര്‍ എന്നിവരാണ് ഇന്ന് വിസ്തരിക്കപ്പെടുന്ന മറ്റ് പ്രമുഖര്‍. ഗീതു മോഹന്‍ ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ 28നും മൊഴി നല്‍കാന്‍ എത്തും. 29-ാം തിയതി ശനിയാഴ്ച ശ്രീകുമാര്‍ മേനോനും അടുത്ത മാസം 4ന് റിമി ടോമിയും മൊഴി നല്‍കാന്‍ എത്തും. പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊഴി രേഖപ്പെടുത്തുന്നത്.