ജസ്റ്റിസ് ലോയയെ ഓർമ്മിപ്പിച്ച് രാഹുൽ ​ഗാന്ധി; നിയമവ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാനാണ് സർക്കാർ ശ്രമമെന്ന് പ്രിയങ്ക

single-img
27 February 2020

ഡൽഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധറിനെ അർദ്ധരാത്രി സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധവുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രം​ഗത്ത്. വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, കപില്‍ മിശ്ര എന്നിവരടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസ് എസ്. മുരളീധറിനെ അർധരാത്രി സ്ഥലം മാറ്റിയ നടപടിയിലാണ് ഇരുവരും കേന്ദ്ര സർക്കാരിനെതിരെ രം​ഗത്ത് വന്നത്.

സിബിഐ പ്രത്യേക ജഡ്ജിയായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജസ്റ്റിസ് ലോയയെ അനുസ്മരിച്ചാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. സ്ഥലം മാറ്റാത്ത ധീരനായ ജസ്റ്റിസ് ലോയയെ ഓർമിക്കുന്നുവെന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. നിയമവ്യവസ്ഥയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമം അപലപനീയമാണ്. ജുഡീഷ്യറിയിൽ ഉള്ള ജനങ്ങളുടെ വിശ്വാസം തകർക്കാനാണ് സർക്കാർ ശ്രമമെന്നും ജസ്റ്റിസ് എസ്. മുരളീധറിനെ അർധരാത്രി സ്ഥലം മാറ്റിയത് ഞെട്ടിപ്പിക്കുന്നതും ദുഃഖിപ്പിക്കുന്നതുമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപണ വിധേയനായ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിക്കവെ 2014 ഡിസംബർ ഒന്നിനാണ് ജസ്റ്റിസ് ലോയ മരിച്ചത്. കലാപം സംബന്ധിച്ചു പ്രത്യേക സംഘത്തിന്റെ അന്വേഷണമാവശ്യപ്പെട്ടുള്ള കേസ് ഇന്നലെ തന്നെ ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് എസ്. മുരളീധറിന്റെ ബെഞ്ചിൽനിന്നു മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ബെഞ്ചാണ് ഇന്നു കേസ് പരിഗണിക്കുക. പിന്നാലെയാണു സ്ഥലംമാറ്റ ഉത്തരവ്. ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റാൻ കഴിഞ്ഞ 12നു കൊളിജീയം ശുപാർശ ചെയ്തിരുന്നതാണ്.

നരത്തെ സുപ്രീം കോടതി കൊളീജിയത്തിന്റെ ഈ വിവാദ തീരുമാനത്തിനെതിരെ ദില്ലി ഹൈക്കോർട്ട് ബാർ അസോസിയേഷൻ നേരിട്ട് പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. “ഈ കോടതി കണ്ടതിൽ വെച്ച് ഏറ്റവും നട്ടെല്ലുള്ള ന്യായാധിപരിലൊരാൾ” ആണ് ജസ്റ്റിസ് എസ് മുരളീധർ . അദ്ദേഹത്തെ സ്ഥലം മാറ്റിയ നടപടി “ഈ സ്ഥാപനത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്തതും പൊതുജനങ്ങൾക്ക് നീതിപീഠത്തിലുള്ള വിശ്വാസം ഇല്ലാതാക്കുന്ന തരത്തിലുള്ളതും” ആണെന്ന് ബാർ അസോസിയേഷൻ പരസ്യ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

അതേസമയം ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റിയത് സ്വാഭിവിക നടപടി മാത്രമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തിന്റെ ശുപാർശ പ്രകാരമാണ് മാറ്റമെന്നും മന്ത്രി പറഞ്ഞു.