ഡൽഹി കലാപം: ബിജെപി നേതാവിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട ഹൈക്കോടതി ജസ്റ്റിസിനെ സ്ഥലം മാറ്റി

single-img
27 February 2020

ഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങളില്‍ ബി.ജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം. പഞ്ചാബ്–ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലംമാറ്റം. ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കേസ് പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ് കേന്ദ്രസർക്കാർ വിജ്ഞാപനമായി പുറത്തിറക്കിയിരിക്കുന്നത്. ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു .

നേരത്തെ ഡൽഹി കലാപ കേസ് പരിഗണിക്കവെ അസാധാരണ നടപടികളാണ് ഡൽഹി ഹൈക്കോടതിയിൽ ഉണ്ടായത്. കലാപവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഡല്‍ഹി പൊലീസിനെതരിെ രൂക്ഷവിമര്‍ശനമാണ് ഇന്നലെ ജസ്റ്റിസ് മുരളീധര്‍ നടത്തിയത്. ഡൽഹിയിലെ കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ചൊവ്വാഴ്ച്ച അർദ്ധരാത്രി ഹൈക്കോടതി പരിഗണിച്ചിരുന്നു. കലാപ മേഖലയിലേക്ക് പോകാൻ പൊലീസിന് കോടതി ഉത്തരവും നല്കിയിരുന്നു.വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പിനേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു

ഇന്നലെ ബിജെപി നേതാവ് കപിൽ മിശ്രയുടെ വിദ്വേഷ പ്രസ്‌താവന കോടതി മുറിക്കുള്ളിൽ പ്ലേ ചെയ്താണ് പോലീസിനെയും സോളിസിറ്റർ ജനറലിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്.ഡൽഹി പോലീസ് ഉദ്യോഗസ്ഥരുടെയും അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയുടെയും മറ്റ് അഭിഭാഷകരുടെയും സാന്നിധ്യത്തിലായിരുന്നു കോടതി ഇപ്രകാരം ചെയ്തത്.‘ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസ്താവനകൾ കണ്ടിരുന്നോ’ എന്ന ജസ്റ്റിസ് മുരളീധരന്റെ ചോദ്യത്തിന് ‘കപിൽ മിശ്രയുടെ വീഡിയോ കണ്ടില്ല’ എന്ന് ഒരു ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞതിനെ തുടർന്നാണ് അതിന്റെ വീഡിയോ കോടതി മുറിക്കുള്ളിൽ പ്ലേ ചെയ്യാൻ കോടതി ആവശ്യപ്പെട്ടത്.