ഡല്‍ഹി കലാപം അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച്; ഡിസിപിമാരുടെ കീഴിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍

single-img
27 February 2020

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടന്ന വർഗ്ഗീയ കലാപത്തെ കുറിച്ച് ഡൽഹി ക്രൈം ബ്രാഞ്ച് അന്വേഷിക്കും.
ഇതിനായി രണ്ട് ഡിസിപിമാരുടെ കീഴിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നിയമിച്ചിട്ടുള്ളത്. ഡിസിപി ജോയ് ടിർകി, ഡിസിപി രാജേഷ് ഡിയോ എന്നിവർക്ക് കീഴിലാണ് അന്വേഷണം.

കലാപവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ് ഐ ആറുകളും പ്രത്യേക സംഘത്തിന് കൈമാറി.അതേസമയം സംസ്ഥാനത്തെ വര്‍ഗ്ഗീയ കലാപത്തില്‍ പോലീസിന്‍റെ അനാസ്ഥ തുറന്നുകാട്ടി പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച സംഘര്‍ഷത്തിന് മുന്നോടിയായി ഇന്‍റലിജന്‍സും സ്പെഷ്യല്‍ ബ്രാഞ്ചും സംഘര്‍ഷ സാധ്യത സംബന്ധിച്ച് ആറ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടാണ് ഡൽഹി പോലീസിന് നല്‍കിയത്.

പക്ഷെ ഈ റിപ്പോർട്ടുകളിൽ കാര്യമായ നടപടികള്‍ ഒന്നും എടുത്തില്ല എന്നാണ് വിവരം. വടക്ക് കിഴക്കന്‍ പ്രദേശമായ ഡൽഹിയിലെ മൗജപൂരില്‍ ജനങ്ങളോട് സംഘടിക്കാന്‍ ആവശ്യപ്പെട്ട ബിജെപി നേതാവ് കപില്‍ മിശ്രയുടെ ആഹ്വാനം വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നായിരുന്നു ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.