നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്ന്

single-img
27 February 2020

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും. മഞ്ജുവിന്റെ മുന്‍ ഭര്‍ത്താവും നടനുമായ ദീലിപാണ് കേസിലെ പ്രതി.കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം ചൂണ്ടിക്കാണിച്ച വ്യക്തി മഞ്ജുവാണ്. ഇക്കാര്യം അവര്‍ കോടതിയില്‍ ആവര്‍ത്തിക്കുമോയെന്നാണ് അറിയേണ്ടത്.

നടിക്ക് പിന്തുണയര്‍പ്പിച്ച് കൊച്ചിയില്‍ താരസംഘടന സംഘടപ്പിച്ച പരിപാടിയിലാണ് മഞ്ജു കേസിലെ ക്രിമല്‍ ഗൂഢാലോചന യെക്കുറിച്ച് പരാമര്‍ശിച്ചത്. ദിലീപിനെ അറസ്റ്റിനു മുന്നോടിയായുള്ള മഞ്ജുവിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു മൊഴി നല്‍കുമ്പോള്‍ ഇതേ കാര്യം ആവര്‍ത്തിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ദിലീപും കാവ്യാ മാധവനും തമ്മിലുണ്ടായിരുന്ന ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ വാദം.ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ മഞ്ജുവിന്റെ മൊഴി നിര്‍ണായകമാകും.മഞ്ജുവിനു പുറമേ സിദ്ധിഖ്, ബിന്ദു പണിക്കര്‍, സംയുക്താ വര്‍മ്മ,ഗീതു മോഹന്‍ദാസ്, ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരും വരും ദിവസങ്ങളില്‍ വിസ്താരത്തിനെത്തും.

അഞ്ചു വര്‍ഷം മുന്‍പ് ദിലീപും മഞ്ജുവും വിവാഹമോചിതരായ കോടതിയിലാണ് ഇന്ന് വിസ്താരം നടക്കുന്നത്. അന്നത്തെ കുടുംബ കോടതി പിന്നീട് പ്രത്യേക സിബിഐ കോടതിയാക്കി സമാറ്റുകയായിരുന്നു. കേസില്‍ വനിതാ ജഡ്ജി വേണമെന്ന നടിയുടെ അഭ്യര്‍ഥന മാനിച്ച് സിബിഐ ജഡ്ജിയായ ഹണി എം വര്‍ഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി നിയമിച്ചിരിക്കുകയാണ്.