പുര കത്തുന്നുണ്ട്, ഇനി വാഴവെട്ടാം: ഏക സിവില്‍കോഡ് നടപ്പാക്കാന്‍ പറ്റിയ സമയമാണിതെന്ന് കര്‍ണാടക ബിജെപി മന്ത്രി

single-img
27 February 2020

ഏക സിവില്‍കോഡ് നടപ്പാക്കാന്‍ പറ്റിയ സമയമിതാണെന്ന് വ്യക്തമാക്കി കര്‍ണാടക ബിജെപി മന്ത്രി സിടി രവി. ബിജെപി രൂപികരിച്ചത് മുതല്‍ ഏക സിവില്‍കോഡ് എന്നത് പാര്‍ട്ടി അജണ്ടയാണെന്നും എന്നാൽ. അക്കാലത്ത് ആരും ഏക സിവില്‍കോഡിനെ പറ്റി സംസാരിച്ചിട്ടില്ലെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. 

രാജ്യത്ത് ഏവരും ഇപ്പോൾ സംസാരിക്കുന്നത് സമത്വത്തെ കുറിച്ചാണ്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ പറ്റിയ സമയവും ഇതു തന്നെ- മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ പൗരന്മാർക്ക് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള ബിജെപി നീക്കം ആരംഭിച്ചു എന്നുള്ളതിൻ്റെ സൂചനയാണ് മന്ത്രിയുടെ വാക്കുകൾ എന്ന രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബിജെപി നീക്കം.ഇതിനെതിരെ കടുത്ത എതിര്‍പ്പുകളാണ് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഇതിനകം തന്നെ ഉയര്‍ന്നിട്ടുള്ളത്. 

ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ ദേശീയതലത്തില്‍ കമ്മീഷന്‍ വേണമെന്ന് നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ബില്ല് അവതരിപ്പിക്കാന്‍ നേരത്തെ നീക്കം നടന്നിയിരുന്നു.  രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ അംഗം കിറോഡി ലാല്‍ മീണ യാണ് ബില്ല് അവതരിപ്പിക്കാന്‍ നീക്കം നല്‍കിയത്. അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് പിന്‍മാറേണ്ടി വന്നു.