കെ സുരേന്ദ്രൻ്റെ കീഴിൽ പദവികൾ ഏറ്റെടുക്കാൻ തയാറല്ലെന്ന് എ എൻ രാധാകൃഷ്ണൻ: ബിജെപിയിൽ പൊട്ടിത്തെറി

single-img
27 February 2020

സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ സ്ഥാനാരോഹിതനായതോടെ സംസ്ഥാന ബിജെപി ഘടകത്തിൽ പ്രതിസന്ധി രൂക്ഷമാണെന്നു റിപ്പോർട്ടുകൾ.  സംസ്ഥാന പ്രസിഡൻ്റായ കെ സുരേന്ദ്രൻ്റെ കീഴിൽ താൻ പദവികൾ ഏറ്റെടുക്കാൻ തയാറല്ലെന്ന് അറിയിച്ച് പാർട്ടി ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ രംഗത്തെത്തി. ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ സന്തോഷുമായുള്ള ചർച്ചയിലും രാധാകൃഷ്ണൻ തന്റെ നിലപാട് ആവർത്തിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. 

കെ.സുരേന്ദ്രൻ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ശേഷം പി.കെ കൃഷ്ണദാസ് പക്ഷത്തിന്റെ എതിർപ്പ് തുടരുന്ന സാഹചര്യത്തിലാണ് ഈ പരാമർശം വരുന്നത്. ഇതിനു പിന്നാലെ ജനറൽ സെക്രട്ടറിമാരായി തുടരാൻ താത്പര്യമില്ലെന്ന് കൃഷ്ണദാസും രാധാകൃഷ്ണനും പലതവണ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.

നേരത്തേ സുരേന്ദ്രനെ സംസ്ഥാന പ്രസിഡൻ്റായി അവരോധിക്കുന്നതിനായി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ എന്നീ നേതാക്കള്‍ പങ്കെടുത്തിരുന്നില്ല.അന്ന് എ എൻ രാധാകൃഷ്ണൻ യോഗം അവസാനിക്കാറായപ്പോഴാണ് എത്തിച്ചേര്‍ന്നത്. 

കെ. സുരേന്ദ്രനൊപ്പം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് എ.എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പരിഗണിക്കപ്പെട്ടിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. സംസ്ഥാനപ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതില്‍ പി.കെ. കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.