മൂത്രമൊഴിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും പുറത്തേക്ക് വരുന്നത് മദ്യം: അപൂര്‍വ്വമായ രോഗാവസ്ഥയുമായി സ്ത്രീ

single-img
26 February 2020

അതെ. സംഭവം സത്യമാണ്. യുഎസിലെ പിറ്റ്‌സ്ബര്‍ഗ് സ്വദേശിയായ വയോധികയ്ക്കാണ് ഇത്തരത്തില്‍ ഒരു അപൂര്‍വ്വ രോഗം. ഇവര്‍ മൂത്രമൊഴിക്കുമ്പോള്‍ മദ്യമാണ് വരുന്നത്. ഇവരുടെ മൂത്രാശയത്തില്‍ യീസ്റ്റിന്റെ സാന്നിദ്ധ്യം കാരണം ഫെര്‍മെന്റേഷന്‍ നടക്കുന്നത് വഴി ശരീരത്തിലെ പഞ്ചസാര എഥനോളായി മാറുകയാണ് ചെയ്യുന്നത്. അതിലൂടെ ബ്ലാഡര്‍ ഫെര്‍മെന്റേഷന്‍ നടക്കുന്നു. ഇങ്ങിനെയാണ് മദ്യം വരുന്നത്.

വയറിനുള്ളിലെ കാര്‍ബോ ഹൈഡ്രേറ്റുകളുടെ സാന്നിദ്ധ്യം മൂലം ആളുകള്‍ക്ക് മദ്യപിച്ചതിന്റെ ഫലം നല്‍കുന്ന പ്രതിഭാസത്തിന് സമാനമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതായത് ഒരു വ്യക്തി മദ്യപിക്കാതെ തന്നെ മദ്യപിച്ച അവസ്ഥയിലെത്തുന്ന പ്രതിഭാസം. കരളിന് ബാധിച്ച രോഗവും ഡയബറ്റിസും കാരണമാണ് വയോധിക ആശുപത്രിയിലെത്തുന്നത്.

ആദ്യ ഘട്ടത്തില്‍ തന്നെ അവരുടെ മൂത്ര സാമ്പിളുകളില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായി മദ്യപിക്കുന്നതു കൊണ്ടാകാം ഇങ്ങനെ വന്നതെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം കരുതിയത്. തുടര്‍ന്നുള്ള മൂത്ര സാമ്പിളുകളുടെ പരിശോധനയില്‍ മുളച്ച യീസ്റ്റിനൊപ്പം ഗ്ലൂക്കോസും വന്‍തോതില്‍ കണ്ടെത്തി.
ഈ ഘട്ടത്തില്‍ ഹൈപ്പര്‍ ഗ്ലൈക്കോസ് യൂറിയ എന്ന ആരോഗ്യ സ്ഥിതി ഡോക്ടര്‍മാരില്‍ ദുരൂഹതയുണര്‍ത്തി.

സംശയം തോന്നിയ ഡോക്ടര്‍മാര്‍ മൂത്രാശയത്തില്‍ യീസ്റ്റിന്റെ കോളനികള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. മൂത്രാശയത്തില്‍ കണ്ടെത്തിയ യീസ്റ്റ് പഞ്ചസാരയെ എഥനോളായി മാറ്റുന്നുണ്ടോ എന്നായിരുന്നു ഡോക്ടര്‍മാരുടെ സംശയം. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ ഈ സ്ത്രീയുടെ മൂത്രാശയത്തില്‍ കാന്‍ഡിഡ ഗ്ലബ്രാട്ട എന്ന പ്രകൃതിദത്ത യീസ്റ്റിന്റെ സാന്നിധ്യം കണ്ടെത്തി. മദ്യം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന യീസ്റ്റുമായി ബന്ധമുണ്ട് കാന്‍ഡിഡ ഗ്ലബ്രാട്ടയ്ക്ക്. ഇത് സാധാരണയായി മനുഷ്യശരീരത്തില്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും കൂടിയ അളവില്‍ കണ്ടെത്തുന്നത് അസാധാരണമാണ്.