കലാപത്തിനിടെ കുട്ടികളെ സംരക്ഷിക്കാന്‍ മനുഷ്യചങ്ങലയായി മാറി നാട്ടുകാര്‍

single-img
26 February 2020

ഡൽഹി: രാജ്യതലസ്ഥാനം മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം കലാപത്തിലമർന്നുരിക്കുകയാണ്. ഒരു പ്രത്യക മതവിഭാ​ഗത്തെ മാത്രം ലക്ഷ്യം വച്ചു കൊണ്ട് അക്രമികൾ അഴിഞ്ഞാടുകയാണ്. വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം പടരുമ്പോള്‍ സകൂൾ വിട്ടു വരുന്ന കുട്ടികൾക്ക് സുരക്ഷ ഒരുക്കിയിരിക്കുകയാണ് ചില നല്ലവരായ നാട്ടുകാർ. യമുന നഗറിൽ നാട്ടുകാർ മനുഷ്യചങ്ങല ഉണ്ടാക്കി കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത്. കലാപകലുഷിതമായ ഡൽഹിയിൽ സ്കൂൾ കുട്ടികൾക്ക് സുരക്ഷയൊരുക്കുന്നത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

വീടുകൾക്കും കടകൾക്കും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. നാട് കത്തുമ്പോള്‍ പൊലീസ് കാഴ്ചക്കാരാകുന്നതിനിടെയാണ് സ്കൂളിലേക്ക് പോയ കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ യമുനവിഹാറിലെ നാട്ടുകാ‍ർ ഒത്തുകൂടിയത്. കൈകള്‍ കോര്‍ത്ത് സുരക്ഷയൊരുക്കി അവര്‍ കുട്ടികള്‍ക്കൊപ്പം നടന്നു. ആ കരങ്ങൾക്കിടയിലൂടെ കുട്ടികൾ ഒരു പോറലുമേൽക്കാതെ നടന്നു നീങ്ങി.

റോഡിൽ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുന്നിതിനിടെയാണ് ഈ കാഴ്ചയെന്നതാണ് ശ്രദ്ധേയം. മാധ്യമപ്രവർത്തകനായ ബോധിസത്വവ സെൻ റോയിയാണ് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. രാജ്യതലസ്ഥാനത്തിന്‍റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ കലാപം പൊട്ടിപുറപ്പെട്ട സ്ഥലങ്ങളിലെല്ലാം പൊലീസ് കാഴ്ചക്കാരാവുകയായിരുന്നു. സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളായിട്ടും നിയന്ത്രിക്കാനുള്ള കാര്യക്ഷമമായ ഇടപെടല്‍ കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.