തമിഴ്‌നാട്ടിലെ അവിനാശി അപകടത്തിൽ തകർന്ന ബസ് കെഎസ്ആർടിസി ഏറ്റെടുത്തു

single-img
26 February 2020

സംസ്ഥാനത്തെയാകെ നടുക്കിയ തമിഴ്‌നാട്ടിലെ അവിനാശിയിലുണ്ടായ അപകടത്തിൽ തകർന്ന ബസ് കെഎസ്ആർടിസി ഏറ്റെടുത്തു. വകുപ്പിന്റെ മലപ്പുറം എടപ്പാളിലെ വർക്ക്ഷോപ്പിലേക്ക് ബസ് എത്തിക്കും. പോലീസിന്റെ മേൽനോട്ടത്തിലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് അപകടസ്ഥലത്തു നിന്ന് ഏറ്റെടുത്ത ബസ് വാളയാർവഴികൊണ്ടുവന്നത്.

പാലക്കാട് നിന്നും എടപ്പാളിലേക്കുളള യാത്രയ്ക്കിടെ പല സ്ഥലങ്ങളിലും ജനങ്ങൾ ബസ് കാണുന്നതിനായി പാതയോരത്ത് നിന്നിരുന്നു. ക്രെയിൻ സഹായത്താൽ കെട്ടിവലിച്ചായിരുന്നു ബസിന്റെ നീക്കം. അപകടത്തിൽ നിശ്ശേഷം തകർന്ന ഭാഗങ്ങൾ ആക്രിവിലയ്ക്ക് വിൽക്കുന്നതിനാണ് തീരുമാനം.

ബസിന്റെ എഞ്ചിന് കേടുപാടുകളില്ലെങ്കിൽ ഉപയോഗിക്കാനാണ് സാധ്യത. പത്തൊൻപത് ആളുകൾ മരിച്ച അപകടത്തിൽ പരിക്കേറ്റ മൂന്നുപേർ ഇപ്പോഴും കോയമ്പത്തൂരിൽ ചികിത്സയിലാണ്.