കലാലയങ്ങള്‍ പഠിക്കാനുള്ളതാണ് സമരത്തിനുള്ളതല്ല; സ്കൂള്‍- കോളേജുകളില്‍ വിദ്യാര്‍ത്ഥി സമരത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി

single-img
26 February 2020

സംസ്ഥാനത്തെ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി. സമരങ്ങള്‍ നടക്കുന്നത് മൂലം കലാലയങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നും ഹൈക്കോടതി പറഞ്ഞു.
‘കലാലയങ്ങള്‍ പഠിക്കാനുള്ളതാണ് സമരത്തിനുള്ളതല്ല’ കുട്ടികള്‍ നടത്തുന്ന മാര്‍ച്ച്, ഘെരാവോ, പഠിപ്പുമുടക്ക് എന്നിവ പാടില്ലെന്നും കോടതി വ്യക്തമാക്കി.

അതോടൊപ്പം തന്നെ സമരത്തിനോ പഠിപ്പുമുടക്കിനോ ആരെയും പ്രേരിപ്പിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഒരേപോലെ ബാധകമാണെന്നും കോടതി വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് കൂടി സ്വന്തമായ അവകാശം ഹനിക്കുന്ന രീതിയില്‍ കലാലയ സമരം വേണ്ട. എന്നാല്‍ സമാധാനപരമായ ചര്‍ച്ചകള്‍ക്കോ ചിന്തകള്‍ക്കോ ക്യാമ്പസുകളെ വേദിയാക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ റാന്നിയിലെ രണ്ടു സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. ഇതിന് മുന്‍പ് തന്നെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് കോടതി ഉത്തരവിറക്കിയിരുന്നു. നിലവിലുള്ള ഉത്തരവ് ലംഘിക്കപ്പെടുന്നതായും സമരങ്ങള്‍ കാരണം പഠന ദിവസങ്ങള്‍ നഷ്ടപ്പെടുന്നെന്നും കാണിച്ചാണ് സ്‌കൂളുകള്‍ കോടതിയെ സമീപിച്ചത്.