‘ഡൽഹി സംഘർഷം ഇന്ത്യയുടെ ആഭ്യന്തരവിഷയം’; രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനു ശേഷം ഡോണൾഡ് ട്രംപ് മടങ്ങി

single-img
26 February 2020

ഡൽഹി: പൗരത്വനിയമ വിവാദത്തിൽ മോദിയെ പരോക്ഷമായി പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് കലാപം പൊട്ടി പുറപ്പെട്ട ഡൽഹിയെക്കുറിച്ച് ട്രംപ് സംസാരിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മതസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന നേതാവാണ്. ഡല്‍ഹി സംഘര്‍ഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. ഇന്ത്യന്‍ ഭരണകൂടം സ്ഥിതി കൈകാര്യംചെയ്യും. പൗരത്വനിയമ വിഷയത്തിൽ ട്രംപ് പ്രതികരിച്ചു. മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ വിവേചനമുണ്ടോ എന്ന് ഞാൻ മോദിയോട് ചോദിച്ചു. ഇന്ത്യയില്‍ 20 കോടി മുസ്ലീങ്ങള്‍ ഉണ്ടെന്നായിരുന്നു മോദിയുടെ ശക്തമായ മറുപടിയെന്ന് ട്രംപ് പറഞ്ഞു.

അതേ സമയം രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനു ശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പത്നി മെലനിയയും മടങ്ങി. രാഷ്ട്രപതി റാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴ വിരുന്നിനു ശേഷമാണ് ഇരുവരും യുഎസിലേക്കു മടങ്ങിയത്.

ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തിൽ ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി ഇന്ത്യയുടെ കര, നാവിക സേനകൾക്കായി 30 ഹെലികോപ്റ്റർ വാങ്ങുന്നതിനുള്ള കരാർ യുഎസുമായി ഒപ്പുവച്ചു. ഇന്ത്യൻ നാവിക സേനയ്ക്കായി 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും 6 അപ്പാച്ചി ഹെലികോപ്റ്ററുകളും വാങ്ങാനാണ് കരാർ. പ്രതിരോധം, ഊർജ, സാങ്കേതിക സഹകരണം, വ്യാപാരം തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്നതാണ് സമഗ്ര പങ്കാളിത്തം. മാനസികാരോഗ്യം, മെഡിക്കൽ ഉപകരണങ്ങളുടെ സുരക്ഷ, എന്നിവയിലും ധാരണപത്രമായി. ചികില്‍സാ സഹകരണം, പ്രകൃതിവാതക നീക്കം തുടങ്ങി മറ്റ് മൂന്ന് ധാരണാപത്രങ്ങളില്‍ക്കൂടി ഇരുനേതാക്കളും ഒപ്പുവച്ചു. ഭീകരവാദത്തെ നേരിടാന്‍ ഒരു മിച്ച് നില്‍ക്കുമെന്ന് മോദിയും ട്രംപും ആവര്‍ത്തിച്ചു. ഇന്ത്യയുമായി കൂടുതല്‍ പ്രതിരോധ ഇടപാടുകളുണ്ടാകുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.