ഡൽഹി കലാപം: പോലീസിനെയും സോളിസിറ്റർ ജനറലിനെയും നിർത്തിപ്പൊരിച്ച് ഡൽഹി ഹെെക്കോടതി

single-img
26 February 2020

ഡൽഹി കലാപത്തിൽ സോളിസിറ്റർ ജനറലിനെയും പോലീസിനെയും നിർത്തിപ്പൊരിച്ച് ഡൽഹി ഹെെക്കോടതി. ബിജെപി നേതാവ് കപിൽ മിശ്രയുടെ വിദ്വേഷ പ്രസ്‌താവന കോടതി മുറിക്കുള്ളിൽ പ്ലേ ചെയ്താണ് പോലീസിനെയും സോളിസിറ്റർ ജനറലിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്.ഡൽഹി പോലീസ് ഉദ്യോഗസ്ഥരുടെയും അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയുടെയും മറ്റ് അഭിഭാഷകരുടെയും സാന്നിധ്യത്തിലായിരുന്നു കോടതി ഇപ്രകാരം ചെയ്തത്.

‘ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസ്താവനകൾ കണ്ടിരുന്നോ’ എന്ന ജസ്റ്റിസ് മുരളീധരന്റെ ചോദ്യത്തിന് ‘കപിൽ മിശ്രയുടെ വീഡിയോ കണ്ടില്ല’ എന്ന് ഒരു ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞതിനെ തുടർന്നാണ് അതിന്റെ വീഡിയോ കോടതി മുറിക്കുള്ളിൽ പ്ലേ ചെയ്യാൻ കോടതി ആവശ്യപ്പെട്ടത്. വിദ്വേഷ പ്രസ്താവനകളുടെ വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കാത്തതിൽ കോടതി ഞെട്ടൽ രേഖപ്പെടുത്തി.

“ഇത് യഥാർത്ഥത്തിൽ ശരിക്കും ആശങ്കാജനകമാണ് ,നിങ്ങളുടെ ഓഫീസിൽ നിരവധി ടെലിവിഷൻ സ്‌ക്രീനുകളുണ്ട് എന്നിട്ടും എങ്ങനെയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന് ഈ വീഡിയോകൾ കണ്ടില്ല എന്ന പറയാൻ സാധിക്കുന്നത്’. ഡൽഹി പോലീസിന്റെ ഭരണ നിർവഹണം പരിഭ്രാന്തി ഉണ്ടാക്കുന്നതാണ്.എന്നായിരുന്നു ജസ്റ്റിസ് മുരളീധർ പോലീസ് നൽകിയ സബ്‌മിഷനോട് പ്രതികരിച്ചത്.

വീഡിയോ പ്ലേ ചെയ്തതിന്ന് ശേഷം വീഡിയോയിൽ കപിൽ മിശ്രയോടൊപ്പം നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ആരാണെന്ന് കോടതി മുറിക്കുള്ളിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടറോ‍‍ട് കോടതി ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. കപിൽ മിശ്രയുടെ വിദ്വേഷ പ്രസ്താവനയുടെ കയ്യെഴുത്ത് പ്രതി കോടതി തന്നെ സോളിസിറ്റർ ജനറൽക്ക് കൈ മാറുകയും ചെയ്തു.

‘നിങ്ങൾ പോലീസ് കമ്മീഷണറെ ഉപദേശിക്കണം’ എന്ന് ജസ്റ്റിസ് മുരളീധർ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്തയോട് പറയുകയും ചെയ്തു . ‘ഇത് അത്യാവശ്യ കാര്യമല്ലെന്നും കൂടുതൽ സമയം വേണമെന്നും’ പറഞ്ഞ സോളിസിറ്റർ ജനറലിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.”കുറ്റവാളികൾക്കെതിരെ എഫ്ഐആർ തയ്യാറാക്കുന്നത് അത്യാവശ്യ കാര്യാമല്ലെന്നാണോ ?100 കണക്കിന് ആളുകൾ കണ്ട വീഡിയോകളുണ്ട്. ഇനിയും അത് അത്യാവശ്യ കാര്യമല്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ” ?എന്നായിരുന്നു ജസ്റ്റിസ് മുരളീധർ തുഷാർ മെഹ്ത്തയോട് ചോദിച്ചത്.

വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപങ്ങളെയും അക്രമങ്ങളെയും കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ ഹർഷ് മന്ഥർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഡൽഹി ഹൈക്കോടതി.

വിദ്വേഷ പ്രസ്താവനകൾ നടത്തിയ രാഷ്ട്രീയക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.ജസ്റ്റിസ്മാരായ എസ് മുരളീധർ, തൽവന്ത് സിങ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 2.30 ന് കേസ് വീണ്ടും പരിഗണിക്കും.